ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 23, 2022

കെ റെയിലിന്റെ പേരില്‍ രാജ്യസഭയില്‍ വാക്‌പോര്. രണ്ട് ലക്ഷം കോടി രൂപയിലധികം ഹോം ലോണ്‍ അനുവദിച്ചതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. കോവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. അരി വ്യവസായത്തിലെ കൂടുതല്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കാനൊരുങ്ങി അദാനി വില്‍മര്‍. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിഞ്ഞ് ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-03-23 20:50 IST

കെ- റെയില്‍; രാജ്യസഭയില്‍ വാക്‌പോര്

കെ- റെയിലിന്റെ പേരില്‍ രാജ്യസഭയില്‍ വാക്‌പോര്. പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രാജ്യസഭയില്‍ ആരോപിച്ചു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നതാണെന്നും സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുകയാണ്,നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി

12 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോവിഡ്-19 വാക്സിനായ കോവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചതായി Novavax Inc ചൊവ്വാഴ്ച അറിയിച്ചു. നോവവാക്‌സിന്റെ കോവോവാക്‌സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് ഇന്ത്യയില്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഈ അനുമതി കോവോവാക്‌സിന് ആഗോളതലത്തില്‍ ലഭിക്കുന്ന ആദ്യ അംഗീകാരമാണ്.

രണ്ട് ലക്ഷം കോടി രൂപയിലധികം ഹോം ലോണ്‍ അനുവദിച്ചതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

എച്ച്ഡിഎഫ്സി ലിമിറ്റഡ്, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2 ലക്ഷം കോടി രൂപയിലധികം റീറ്റെയില്‍ ഹോം ലോണുകള്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇത് ഒരു സാമ്പത്തിക വര്‍ഷം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഇവര്‍ 1.55 ലക്ഷം കോടി രൂപയുടെ ഭവനവായ്പകള്‍ പ്രോസസ് ചെയ്തിരുന്നു. ഹോം ലോണ്‍ ആവശ്യം വര്‍ധിച്ചതോടെ ഈ വിഭാഗത്തില്‍ 30% വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

സീനിയര്‍സിറ്റിസണ്‍സ് എഫ്ഡി അവസാനിപ്പിച്ച് എച്ച്ഡിഎഫ്‌സി

മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് അധിക പലിശ നിരക്ക് നല്‍കാറുണ്ട്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ സീനിയര്‍ സിറ്റിസണ്‍ എഫ് ഡി സ്‌കീമിന്റെ ഉയര്‍ന്ന പലിശ പിന്‍വലിച്ചു.

ക്രൂഡ് ഓയില്‍ വില മേലേക്ക്, തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള വര്‍ധനവിന് അനുസരിച്ച് എണ്ണ വിപണന കമ്പനികള്‍ വീണ്ടും വില ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസ കൂട്ടി.

അരി വ്യവസായത്തിൽ മുന്നിലെത്താൻ കൂടുതല്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കാനൊരുങ്ങി അദാനി വില്‍മര്‍

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന്റെ കീഴില്‍ ദൈനംദിന ഉപയോഗത്തിനായുള്ള അരി പുറത്തിറക്കാനൊരുങ്ങി അദാനി വില്‍മര്‍. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ ഇപ്പോള്‍ തന്നെ ബസ്മതി അരി, എണ്ണ എന്നിവയൊക്കെ പുറത്തിറക്കുന്നുണ്ട് ഗ്രൂപ്പ്. കൂടുതല്‍ ലോക്കല്‍ ബ്രാന്‍ഡുകളെ സംയോജിപ്പിച്ച് അരി വ്യവസായത്തിലും മുന്‍നിരക്കാരാകാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിഞ്ഞ് ഓഹരി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്സ് 304.48 പോയ്ന്റ് താഴ്ന്ന് 57684.82 പോയ്ന്റിലും നിഫ്റ്റി 69.80 പോയ്ന്റ് ഇടിഞ്ഞ് 17245.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 1424 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1891 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികളുടെ വിലയിടിഞ്ഞു.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്സ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീല്‍, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി. ഹെല്‍ത്ത്കെയര്‍, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, കാപിറ്റല്‍ ഗൂഡ്സ്, എഫ്എംസിജി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. കിറ്റെക്സ് (6.22 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.92 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.66 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (3.68 ശതമാനം), ഇന്‍ഡിട്രേഡ് (2.44 ശതമാനം), ഇന്‍ഡിട്രേഡ് (2.44 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.96 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.02 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.76 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്സ്, മുത്തൂറ്റ് ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക് , ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ്,ഹാരിസണ്‍സ് മലയാളം തുടങ്ങിയ കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

Tags:    

Similar News