ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 04, 2021

585.4 കോടി രൂപ വിറ്റുവരവു നേടി ജ്യോതി ലാബ്സ് ലിമിറ്റഡ്. 1,001.96 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി മുത്തൂറ്റ് ഫിനാന്‍സ്. നിയമം അനുവദിച്ചാല്‍ ബിറ്റ് കോയിന്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെന്ന് പേടിഎം. 621 മില്യണ്‍ ഡോളറിന്റെ മൊത്തവരുമാനം നേടി ലെനോവോ. കോവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി യുകെ. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-11-04 18:39 IST
1,001.96 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി മുത്തൂറ്റ് ഫിനാന്‍സ്
2021 സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 1,001.96 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 926.08 കോടിയില്‍ നിന്ന് ഒരു ശതമാനമാണ് വര്‍ധന. വായ്പാ ആസ്തി വര്‍ധിച്ച് 60,919 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലുണ്ടായിരുന്ന 52,286 കോടി രൂപയില്‍ നിന്ന് 17 ശതമാനമാണ് വര്‍ധനവ്.
585.4 കോടി രൂപ വിറ്റുവരവു നേടി ജ്യോതി ലാബ്സ് ലിമിറ്റഡ്
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ ഫാബ്രിക് കെയര്‍ വിഭാഗം 25.2 ശതമാനവും ഡിഷ് വാഷ് വിഭാഗം 12.7 ശതമാനവും ഗാര്‍ഹിക ഇന്‍സെക്ടിസൈഡ്സ് വിഭാഗം 4.1 ശതമാനവും പേഴ്സണല്‍ കെയര്‍ വിഭാഗം 5.3 ശതമാനവും വളര്‍ച്ച നേടി.
കോവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി യുകെ
മെര്‍ക്കിന്റെ കൊറോണ വൈറസ് ആന്റിവൈറലിന് ബ്രിട്ടന്‍ സോപാധികമായ അംഗീകാരം നല്‍കി. ഗുളിക എത്ര വേഗത്തില്‍ ലഭ്യമാകുമെന്ന് വ്യക്തമല്ലെങ്കിലും ചികിത്സ അംഗീകരിക്കുന്ന ആദ്യരാജ്യമായി യുകെ. കോവിഡ് രോഗം ബാധിച്ച 18 വയസ്സും അതിനു മുകളില്‍ പ്രായവുമുള്ള വ്യക്തികളില്‍ ഗുളിക ഫലം ചെയ്യുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
621 മില്യണ്‍ ഡോളറിന്റെ മൊത്തവരുമാനം നേടി ലെനോവോ
2021 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 621 മില്യണ്‍ ഡോളറിന്റെ മൊത്തം വരുമാനം രേഖപ്പെടുത്തി ടെക് പ്രമുഖരായ ലെനോവോ.
ഇന്ത്യയിലെ ലെനോവോ ബിസിനസില്‍ നിന്നുള്ള മൊത്ത വരുമാനത്തില്‍ പ്രതിവര്‍ഷം 26.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും കമ്പനി വ്യാഴാഴ്ച അറിയിച്ചു.
ബിറ്റ് കോയിന്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെന്ന് പേടിഎം
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം ബിറ്റ്കോയിന്‍ സേവനങ്ങള്‍ നല്‍കിയേക്കും. ക്രിപ്റ്റോ കറന്‍സികളുടെ നിയമ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്ന മുറയ്ക്കാകും പേടിഎം സേവനങ്ങള്‍ അവതരിപ്പിക്കുക. നിലവില്‍ രാജ്യത്ത് ബിറ്റ്കോയിന്‍ ട്രേഡിംഗിന് നിയന്ത്രണങ്ങളില്ല. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും ഇല്ല. പൂര്‍ണമായും നിയമപരമായാല്‍ ബിറ്റ് കോയിന്‍ സേവനങ്ങള്‍ നല്‍കാനാകുമെന്ന് പേടിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മാഥുര്‍ ഡിയോറ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോവാക്സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിലേക്ക് പറക്കാം
കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ അനുമതി നല്‍കിയ അഠുത്ത രാജ്യമായി അമേരിക്ക. കോവാക്സിന്റെ രണ്ടുഡോസ് സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ടുമുതല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.
50 ടണ്‍ വില്‍പ്പന റെക്കോര്‍ഡ് രേഖപ്പെടുത്തി സ്വര്‍ണം
രാജ്യത്തെ സ്വര്‍ണവ്യാപാരമേഖലയ്ക്ക് ദീപാവലിയോടെ വീണ്ടും തിളക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആചരിച്ചു പോരുന്ന 'ധന്‍തേരസ്' ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് 50 ടണ്‍ സ്വര്‍ണവില്‍പ്പന രേഖപ്പെടുത്തിയെന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍. 2019 ല്‍ വിറ്റഴിച്ചതിനെക്കാള്‍ ഏതാണ്ട് 20 ടണ്‍ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.



 


Tags:    

Similar News