ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 10, 2021

5 ജി ട്രയലിന് ടെലികോം കമ്പനികള്‍ക്ക് കാലാവധി നീട്ടി നല്‍കി കേന്ദ്രം. ഇലോണ്‍ മസ്‌കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യണ്‍ ഡോളര്‍. ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കി നൈക്ക. പ്രധാന ഓഹരി സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-11-10 18:35 IST
5 ജി ട്രയല്‍; ടെലികോം കമ്പനികള്‍ക്ക് കാലാവധി നീട്ടി നല്‍കി കേന്ദ്രം
5ജി ട്രയലുകള്‍ക്കായി ടെലികോം കമ്പനികള്‍ക്ക് അനുവദിച്ച സമയം 6 മാസത്തേക്ക് കൂടി കേന്ദ്രം നീട്ടി നല്‍കി. കഴിഞ്ഞ മെയ് മാസം ആണ് 5ജി ട്രയല്‍ പരീക്ഷണങ്ങള്‍ക്കായി 700 MHz, 3.3-3.6 GHz , 24.2528.5 GHz ബാന്‍ഡിലുള്ള സ്‌പെക്ട്രങ്ങള്‍ കേന്ദ്രം ആറുമാസത്തെ കാലവധിയില്‍ കമ്പനികള്‍ക്ക് നല്‍കിയത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവരാണ് സമയം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ഓല ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് ആരംഭിച്ചു
ഓല ഇല്ക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് ആരംഭിച്ചു. പ്രധാനപ്പെട്ട നഗരങ്ങളിലാണ് ഓല ടെസ്റ്റ് ഡ്രൈവ് ക്യാമ്പുകള്‍ നടത്തുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ക്യാമ്പുകള്‍.
ജനറല്‍ ഇലക്ട്രിക് മൂന്നു പൊതുകമ്പനികളായി വിഭജിക്കുന്നു
അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് വ്യോമയാനം, ആരോഗ്യം, ഊര്‍ജ്ജം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് പൊതു കമ്പനികളായി വിഭജിക്കും.
ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കി നൈക്ക
ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ നൈക്കയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു. ഇഷ്യു പ്രൈസിന്റെ ഏതാണ്ട് ഇരട്ടിയിലാണ് ഓഹരി ലിസ്റ്റ് ചെയ്തതുതന്നെ. 2,248 രൂപയ്ക്ക്. ബി എസ് ഇയിലെ ഏറ്റവും മൂല്യമുള്ള 60 കമ്പനികളുടെ നിരയിലേക്ക് ആദ്യദിനം തന്നെ കസേര നീക്കിയിട്ടിരുന്നു ഫാല്‍ഗുനി നയ്യാറുടെ നൈക്ക.
ഇലോണ്‍ മസ്‌കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യണ്‍ ഡോളര്‍
മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്‌കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തിലും 35 ബില്യണ്‍ ഡോളറാണ് ഇടിവാണ് മസ്‌കിന് ഉണ്ടായത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്, 2019 ല്‍ മക്കെന്‍സി സ്‌കോട്ടില്‍ നിന്നുള്ള വിവാഹ മോചനത്തെത്തുടര്‍ന്ന് ജെഫ് ബെസോസിന്റെ 36 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയുമാണിത്.
പ്രധാന ഓഹരി സൂചികകളില്‍ ഇടിവ്
നൈക്കയുടെ ലിസ്റ്റിംഗില്‍ മിന്നിതിളങ്ങിയ ഓഹരി വിപണി, വിദേശ ഫണ്ടുകളുടെ വില്‍പ്പനയില്‍ കുത്തനെ താഴേക്ക് പോയി. പിന്നീട് ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നിവയില്‍ നിക്ഷേപതാല്‍പ്പര്യം കൂടിയത് സൂചികകള്‍ക്ക് തുണയായി.
വിദേശ ഫണ്ടുകളുടെ വില്‍പ്പനയെ തുടര്‍ന്ന് സെന്‍സെക്സ് 138 പോയ്ന്റ് ഇടിവ് രേഖപ്പെടുത്തികൊണ്ടാണ് ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ. പിന്നീട് നഷ്ടം നികത്തി. ഒടുവില്‍ തലേന്നാളത്തേക്കാള്‍ 80 പോയ്ന്റ് താഴ്ന്ന് സെന്‍സെക്സ് 60,353ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27പോയ്ന്റ് താഴ്ന്ന് 18,017ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
12 ഓളം കേരള കമ്പനികള്‍ ഇന്ന് നില മെച്ചപ്പെടുത്തി. ആസ്റ്റര്‍ ഡിഎം ഓഹരി വില 5.43 ശതമാനത്തോളം കൂടി. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വിലയില്‍ 3.63 ശതമാനമാണ് വര്‍ധനയുണ്ടായത്. കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.




 


Tags:    

Similar News