ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 05, 2021

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്. 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് നികുതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് ധനമന്ത്രാലയം. അതിവേഗ ഡെലിവറി സേവനം ആരംഭിച്ച് ഒല. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-11-05 15:45 GMT

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്

ഒക്ടോബര്‍ 29ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.919 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 642.019 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കറന്‍സി അസറ്റ് , സ്വര്‍ണത്തിന്റെ മൂല്യം എന്നിവയില്‍ ആരോഗ്യകരമായ വര്‍ധനവുണ്ടായതിനാല്‍ ആണ് വിദേശനാണ്യ കരുതല്‍ ശേഖരവും ഉയർന്നത്. 

13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും

സര്‍ക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയില്‍ പ്രവര്‍ത്തിക്കുക. ലേല നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് നികുതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് ധനമന്ത്രാലയം

2022-23 ബജറ്റിലേക്ക് വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നികുതി നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം. വാണിജ്യ, വ്യവസായ അസോസിയേഷനുകളുമായുള്ള ആശയവിനിമയത്തിലൂടെ ഡ്യൂട്ടി ഘടന, നിരക്കുകള്‍, പ്രത്യക്ഷവും പരോക്ഷവുമായ നികുതികളുടെ പുനസംഘടന എന്നിവയിലെല്ലാം നിര്‍ദ്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് മന്ത്രാലയം വിശദമാക്കി.

അതിവേഗ ഡെലിവറി സേവനം ആരംഭിച്ച് ഒല

ഓണ്‍ലൈന്‍ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഒല പലചരക്ക്, പേഴ്സണല്‍ കെയര്‍, പെറ്റ് കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ അതിവേഗ ഡെലിവറി സേവനം ആരംഭിച്ചു. ബെംഗളൂരുവില്‍ ആണ് പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനിയുടെ പുതിയ സേവനം. ഒല 'ഓല സ്റ്റോര്‍' എന്ന പേരിലാണ് പുതിയ സര്‍വീസ് ആരംഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരും മാസങ്ങളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

116.50 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി

116.50 കോടിയിലധികം കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇതുവരെ 116.50 കോടിയിലധികം കൊവിഡ്-19 വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി. അതില്‍ 15.54 കോടിയിലധികം മിച്ചമുണ്ടെന്നാണ് കണക്ക്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ സിമന്റ് ഉല്‍പാദിപ്പിക്കും; മന്ത്രി പി.രാജീവ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ പദ്ധതി തയാറാക്കുന്നതായി നിയമസഭയില്‍ മന്ത്രി പി.രാജീവ്. അധിക ഉല്‍പാദനം വരുമ്പോള്‍ വിലനിര്‍ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




 

Tags:    

Similar News