ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 12, 2021
ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക ഉയര്‍ന്നു. സെന്‍ട്രം, ഭാരത്‌പേ എന്നിവര്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി, ഫ്‌ളൈറ്റുകള്‍ക്ക് പൂര്‍ണമായ സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം. ടാറ്റാ മോട്ടോഴ്‌സിന് 7500 കോടി രൂപയുടെ നിക്ഷേപമെത്തി. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
വ്യാവസായിക ഉല്‍പാദന സൂചിക ഉയര്‍ന്നു
ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദന സൂചിക ഓഗസ്റ്റ് മാസത്തില്‍ 11.9 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് -7.6 ശതമാനമായിരുന്നു. വ്യാവസായിക ഉല്‍പാദന സൂചികയുടെ 77.6% സ്വാധീനിക്കുന്ന നിര്‍മ്മാണ മേഖല 9.7 ശതമാനം വര്‍ധിച്ചു. വൈദ്യുതി ഉല്‍പാദനവും 16 ശതമാനം വര്‍ധിച്ചതായി ഇന്‍ഡസ്ട്രിയല്‍ ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം 9.5 ശതമാനമായി ഉയര്‍ത്തി ഐഎംഎഫ്
2021-22 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 9.5% ആയി നിലനിര്‍ത്തി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ആഗോള വളര്‍ച്ചാ പ്രൊജക്ഷന്‍ 6% ല്‍ നിന്ന് 5.9% ആയി കുറച്ചു. അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.5 ശതമാനം വളര്‍ച്ച പ്രകടമാക്കുമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഫ്‌ളൈറ്റുകള്‍ക്ക് പൂര്‍ണമായ സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം; തീരുമാനമായി
നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി, ഫ്‌ളൈറ്റുകള്‍ക്ക് പൂര്‍ണമായ സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാമെന്ന് വ്യോമയാന മന്ത്രാലയം. 2020 മെയ് മുതലാണ് ഫ്‌ളൈറ്റുകളില്‍ യാത്രക്കാരെ കയറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഒക്ടോബർ 18മുതാലാണ് അനുമതി.
ടാറ്റ മോട്ടോഴ്‌സ് ഇവി ബിസിനസില്‍ 7500 കോടിയുടെ നിക്ഷേപമെത്തി
ടി പി ജി , അബുദാബി ഇൻവെസ്റ്റ്മെന്റിന്റെ എഡിക്യു എന്നിവര്‍ ടാറ്റ മോട്ടോഴ്‌സിൽ ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7500 കോടി രൂപയുടെ നിക്ഷേപം നടത്തി.
സെന്‍ട്രം, ഭാരത്‌പേ എന്നിവര്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ്
സെന്‍ട്രം ഫിനാന്‍ഷ്യല്‍ സര്‍വീസസ് കണ്‍സോര്‍ഷ്യം ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ എന്നിവര്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ് എഫ് ബി) ലൈസന്‍സ് നല്‍കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
ഇന്ന് ഓഹരി വിപണിയില്‍ ഭൂരിഭാഗം സമയവും ആഗോളതലത്തിലെ ആശങ്കകള്‍ സൃഷ്ടിച്ച അനിശ്ചിതത്വമാണ് നിറഞ്ഞതെങ്കിലും വ്യാപാരം അവസാനിക്കുന്നത് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ നിക്ഷേപകര്‍ വാങ്ങല്‍ ശക്തമാക്കിയത് സൂചികകളെ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 2.73 ശതമാനമാണ് കൂടിയത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 5.77 ശതമാനം കൂടി 88 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില 3.45 ശതമാനം വര്‍ധിച്ച് 373.45 രൂപയിലെത്തി