കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, പുതുവര്‍ഷം വിനോദസഞ്ചാര മേഖലയ്ക്ക് കൊയ്ത്താകും; ആശ്വാസത്തില്‍ നിക്ഷേപകരും
ജനുവരി രണ്ടുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുറി കിട്ടാനില്ല, പ്രതിസന്ധികളില്‍ ഉഴലുന്ന കേരള ടൂറിസത്തിന് ശുഭപ്രതീക്ഷ
പ്രളയവും കോവിഡും ഏല്പിച്ച ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാനൊരുങ്ങുന്ന കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വായി ക്രിസ്മസ്, പുതുവല്‍സര സഞ്ചാരി പ്രവാഹം. ഡിസംബര്‍ പകുതിയോടെ ആരംഭിച്ച വിനോദസഞ്ചാരികളുടെ വരവ് ജനുവരി പകുതി വരെ ഇതേരീതിയില്‍ മുന്നേറുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനുവരി രണ്ടുവരെ ബുക്കിംഗ് പൂര്‍ണമാണ്. കൊച്ചി, കോവളം എന്നിവിടങ്ങളിലാണ് ന്യൂഇയര്‍ പാര്‍ട്ടികള്‍ പ്രധാനമായും നടക്കുന്നത്. ഇവിടങ്ങളില്‍ മുറികള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. മൂന്നാര്‍, വയനാട് മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളാല്‍ സമൃദ്ധമാണ്. ഉരുള്‍പൊട്ടലിനുശേഷം സഞ്ചാരികള്‍ വരാന്‍ മടിച്ചിരുന്ന വയനാട്ടിലേക്ക് വിദേശികള്‍ ഉള്‍പ്പെടെ എത്തുന്നത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശ്വാസമായി.
വയനാട്ടിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും മുറി ബുക്കിംഗ് നല്ലരീതിയില്‍ നടക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ആറുമാസമായി വരുമാനം നിലച്ച അവസ്ഥയിലായിരുന്നു വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രമോഷന്‍ നടത്തിയതും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി കേരളത്തിന് പുറത്ത് ക്യാംപെയ്‌നുകള്‍ ചെയ്തതും വയനാടിന് ഗുണം ചെയ്തു.
തിരക്ക് കൂടിയതോടെ ഹോട്ടല്‍ മുറികളുടെ വാടകയും വര്‍ധിച്ചിട്ടുണ്ട്. മൂന്നാറില്‍ 15 മുതല്‍ 30 ശതമാനം വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലെയും കോവളത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോംസ്‌റ്റേ നിരക്കുകളിലും പ്രകടമായ മാറ്റമുണ്ട്. ജനുവരി 15 വരെ നല്ലരീതിയില്‍ ബുക്കിംഗ് ഉണ്ടെന്നാണ് ഹോംസ്‌റ്റേ നടത്തിപ്പുകാരും പറയുന്നത്.
ട്രെന്റ് മാറുന്നു
മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെ വരവില്‍ ഡിസംബറില്‍ കുറവുണ്ട്. ജനുവരി മുതല്‍ വിദേശികളുടെ വരവ് കൂടുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ഇപ്പോള്‍ കൂടുതലായി എത്തുന്നത് ഉത്തരേന്ത്യന്‍ സഞ്ചാരികളാണ്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായും കുടുംബവുമായിട്ടാണ് എത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് വരുന്നവര്‍ കൂടുതല്‍ ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്.
മലയാളികളുടെ അവധിക്കാല യാത്രയില്‍ ഇത്തവണ മാറ്റം വന്നതായി ഗ്യാലക്‌സി ട്രാവല്‍ ക്ലബ് മാനേജിംഗ് പാര്‍ട്ണര്‍ സനില്‍ വി മ്മു ധനംഓണ്‍ലൈനോട് പറഞ്ഞു. ദുബൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള പുതിയ ബുക്കിംഗുകള്‍ കുറഞ്ഞിട്ടുണ്ട്. മുമ്പ് ബുക്ക് ചെയ്തിരുന്നവരുടെ യാത്ര മാറ്റമില്ലാതെ നടക്കുന്നുണ്ട്. അതേസമയം, മുമ്പ് ഡിസംബര്‍ മാസങ്ങളില്‍ വന്നിരുന്ന വിദേശികള്‍ യാത്ര ജനുവരിയിലേക്ക് മാറ്റുന്ന ട്രെന്റും പ്രകടമാണെന്ന് സനില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണംചെയ്യും
വിനോദസഞ്ചാരികളുടെ വരവ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സമ്മാനിക്കുന്ന ഉത്തേജനം ചെറുതല്ല. കൊച്ചിയിലെ വമ്പന്‍ ഹോട്ടല്‍ ഗ്രൂപ്പിന് മുതല്‍ കോവളത്തും മൂന്നാറിലുമുള്ള കടല കച്ചവടക്കാര്‍ക്കു വരെ വരുമാനം ലഭിക്കുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച ആഘാതം മൂന്നാറിലെയും അനുബന്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും സാധാരണക്കാരായ സംരംഭകരെ വലിയ തോതില്‍ ബാധിച്ചിരുന്നു. പുതുവര്‍ഷത്തിലെ പ്രകടനം വരുംമാസങ്ങളിലും നിലനിര്‍ത്താനായാല്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചുവരവ് അകലെയാകില്ല.