ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 25, 2021

ടാറ്റ - എയര്‍ ഇന്ത്യ ഇടപാടില്‍ കേന്ദ്രം ഒപ്പുവച്ചു. ബിപിസിഎല്‍ സ്വകാര്യവത്കരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏഴാംഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. സജീവ വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്ലിനെക്കാള്‍ ഏറെ പിന്നില്‍ ജിയോ. ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ കരകയറി സൂചികകള്‍. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-10-25 20:38 IST
ടാറ്റ - എയര്‍ ഇന്ത്യ ഇടപാടില്‍ കേന്ദ്രം ഒപ്പുവച്ചു
എയര്‍ഇന്ത്യ ഓഹരികള്‍ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഇന്ന് കേന്ദ്രം ഒപ്പുവച്ചതായി
ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വിറ്ററില്‍ കുറിച്ചു. ഈ മാസം ആദ്യമാണ് കരാര്‍ സംബന്ധിച്ച് തീരുമാനമായിരുന്നത്.
ബിപിസിഎല്‍ സ്വകാര്യവത്കരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കാനുള്ള ഇന്ത്യയുടെ പദ്ധതി പ്രതികൂല കാലാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍. ലേലത്തിനൊരുങ്ങുന്നവര്‍ പങ്കാളികളെ കണ്ടെത്താനും സാമ്പത്തിക അപകടസാധ്യതകള്‍ പരിശോധിക്കാനും
വൈകുന്നതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സജീവ വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്ലിനെക്കാള്‍ ഏറെ പിന്നില്‍ ജിയോ
ട്രായ് പുറത്തുവിട്ട കണക്കുപ്രകാരം ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം എയര്‍ടെല്ലിനെക്കാള്‍ ഏറെ പിന്നില്‍. 80ശതമാനത്തില്‍താഴെയാണ് ജിയോ ആക്ടീവ് യൂസേഴ്‌സ് നിരക്ക്. ഭാരതി എയര്‍ടെലിന്റേത് 98ശതമാനവും വോഡാഫോണ്‍ ഐഡിയയുടേത് 87 ശതമാനവുമാണ്. വരുമാനവര്‍ധനവിനായി ഭാരതി എയര്‍ടെല്‍, ഐഡിയ വോഡാഫോണ്‍ എന്നീ കമ്പനികള്‍ താരിഫ് വര്‍ധനവുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ ജിയോ താരിഫുകള്‍ വര്‍ധിപ്പിക്കാനിടയില്ല.
ചൈനയിലെ ചില പ്രദേശങ്ങളില്‍ കോവിഡ് ലോക്ഡൗണ്‍
വീണ്ടും കോവിഡ് വ്യാപന ഭീതി പരക്കുന്നു, ചൈനയിലും ലാത്വിയയിലും ലോക്ഡൗണ്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈന, നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒക്ടോബര്‍ 17 മുതല്‍ 11 പ്രവിശ്യകളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നുണ്ടെന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചു. ചൈനയില്‍ ചില സ്ഥലങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു. തിങ്കളാഴ്ച മുതല്‍ എജിന്‍ പ്രവിശ്യയില്‍ ലോക്ഡൗണ്‍ ഉണ്ടാകുമെന്ന് പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി.
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കാം, ഗ്രാമിന് 4,715 രൂപ
ഏഴാംഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,765 രൂപയാണ് ധനമന്ത്രാലയം നിശ്ചിയിച്ചിട്ടുള്ളത്. ഡിജിറ്റല്‍ നിക്ഷേപം നടത്തുമ്പോള്‍ 50 രൂപ കിഴിവ് ലഭിക്കും. കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ മൂല്യം ലഭിക്കും. ചുരുങ്ങിയത് ഒരുഗ്രാമിന് തുല്യമായ നിക്ഷേപമെങ്കിലും നടത്തണം. വ്യക്തിഗത നിക്ഷേപകര്‍ക്ക് പമാവധി നാല് കിലോഗ്രാംവരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഒക്ടോബര്‍ 29ആണ് അവസാന തിയതി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്ന് പവന് 35,880 ആയി. 80 രൂപയാണ് ഇന്ന് കൂടിയത്, ഗ്രാമിന് 10 രൂപയും. ഒരു ഗ്രാം സ്വര്‍ണം 4485 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്.
ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ കരകയറി സൂചികകള്‍
തുടര്‍ച്ചയായി നാലു ദിവസം ഇടിഞ്ഞ സൂചികകള്‍ ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ ഇന്ന് കരകയറി. സെന്‍സെക്സ് 145.43 പോയ്ന്റ് ഉയര്‍ന്ന് 60967.05 പോയ്ന്റിലും നിഫ്റ്റി 10.50 പോയ്ന്റ് ഉയര്‍ന്ന് 18125.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
971 ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2276 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഈസ്റ്റേണ്‍ ട്രെഡ്സ് (7.41 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.03 ശതമാനം), സിഎസ്ബി ബാങ്ക് (0.34 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.28 ശതമാനം), കേരള ആയുര്‍വേദ (0.23 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.10 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.




 


Tags:    

Similar News