ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 29, 2021
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സെബി. ഇരട്ടിയോളം വര്‍ധിച്ച് യുപിഐ; ജുലൈയില്‍ നടത്തിയത് 6.06 ലക്ഷം കോടി രൂപയുടെ ഇടപാട്. ഡിഎച്ച്എഫ്എലിനെ പിരമല്‍ എന്റര്‍പ്രൈസസ് ഏറ്റെടുക്കും. തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സെബി
ഓഹരിയുടെ രൂപത്തില്‍ സ്വര്‍ണം വില്‍ക്കാനും വാങ്ങാനും അവസരം നല്‍കുന്ന 'ഗോള്‍ഡ് എക്‌സ്‌ചേഞ്ച്' ആരംഭിക്കാന്‍ സെബി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് (ഇജിആര്‍) രൂപത്തിലാകും സ്വര്‍ണ വ്യാപാരമെന്നും സുതാര്യമായ സ്‌പോട്ട് വില നിര്‍ണയത്തിന് എക്‌സ്‌ചേഞ്ച് സഹായിക്കുമെന്നും സെബി അറിയിച്ചു.
ഡിഎച്ച്എഫ്എലിനെ പിരമല്‍ എന്റര്‍പ്രൈസസ് ഏറ്റെടുക്കും
സാമ്പത്തിക പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ്(ഡിഎച്ച്എഫ്എല്‍)കോര്‍പറേഷന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നേരത്തെ പറഞ്ഞിരു്‌നനത് പോലെ പിരമല്‍ എന്റര്‍പ്രൈസസ് തന്നെയാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്. 38,050 കോടി രൂപയുടേതാണ് ഇടപാട്.
ബോയിംഗ്; നിര്‍മാണസാമഗ്രികളുടെ കരാര്‍ എയ്‌റോസ്‌പേസ് എന്‍ജിനീയേഴ്‌സിന്
ബോയിംഗ് കമ്പനിക്ക് കേണ്ടി വിമാനനിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ സേലം ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്. 'മെയ്ഡ് ഇന്‍ തമിഴ്‌നാട്' ആശയം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ വലിയ കരാറിനെ തമിഴ്‌നാടിന്റെ ചരിത്രത്തിന്റെ നാഴികക്കല്ലെന്നാണ് ഇതിനെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.
സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കും
സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു. 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്തംബര്‍ 30 വരെയുള്ള റോഡ് നികുതിയാണ് പൂര്‍ണമായും ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചിട്ടുണ്ട്.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഐപിഒ; 56% വരിക്കാരായി
ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഇന്ന് ആരംഭിച്ചു. ആദ്യ ദിവസം ഏകദേശം 56% വരിക്കാരായതായി കണക്കുകള്‍. ഐപിഒ ഒക്ടോബര്‍ 1 ന് അവസാനിക്കും.
ഇരട്ടിയോളം വര്‍ധിച്ച് യുപിഐ; ജുലൈയില്‍ നടത്തിയത് 6.06 ലക്ഷം കോടി രൂപയുടെ ഇടപാട്
ജുലൈ മാസത്തിലെ രാജ്യത്തെ യുപിഐ ഇടപാട് മൂല്യത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് യുപിഐ ഇടപാട് മൂല്യത്തിലുണ്ടായത്. 6.06 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടാണ് ഈ വര്‍ഷം ജുലൈ മാസത്തില്‍ നടത്തിയത്. കാര്‍ഡുകള്‍ വഴിയുള്ള പേയ്മെന്റ് 42 ശതമാനത്തോളം വര്‍ധിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഇടിഞ്ഞു
തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഇടിഞ്ഞു. സെന്‍സെക്സ് 254.33 പോയ്ന്റ് ഇടിഞ്ഞ് 59413.27 പോയ്ന്റിലും നിഫ്റ്റി 37.30 പോയ്ന്റ് ഇടിഞ്ഞ് 17711.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ദുര്‍ബലമായ ആഗോള വിപണിയും ക്രൂഡ് ഓയ്ല്‍ വിലയും വിപണിയെ പിന്നോട്ടടിച്ചപ്പോള്‍ ചില മേഖലകളിലെ ലാഭമെടുപ്പും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.
1830 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1371 ഓഹരികളുടെ വിലയിടിഞ്ഞു. 151 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച് ഡി എഫ് സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്സ്, അള്‍ട്രാ ടെക് സിമന്റ്, എച്ച് യു എല്‍ തുടങ്ങിയ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. കോള്‍ ഇന്ത്യ, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, സണ്‍ ഫാര്‍മ, ഐഒസി തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. സിഎസ്ബി ബാങ്ക് (4.52 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.61 ശതമാനം), എവിറ്റി (2.80 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.15 ശതമാനം), കെഎസ്ഇ (2.07 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (1.30 ശതമാനം), എഫ്എസിടി (1.02 ശതമാനം) തുടങ്ങി 18 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ആസ്റ്റര്‍ ഡി എം, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി പത്ത് കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.