വൈറസ് പേടിയില്‍ മലബാറിന്റെ വ്യാപാരമേഖല; സമ്പര്‍ക്ക പട്ടിക തിരുവനന്തപുരത്തേക്കും നീളുന്നു

വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണത്തില്‍

Update:2024-07-22 16:25 IST

NIPAH VIRUS

നിപ്പ വൈറസ് ബാധയേറ്റ് മലപ്പുറം ജില്ലയില്‍ ഒരു കുട്ടി മരിച്ചതോടെ മലബാറിന്റെ വ്യാപാരമേഖലയില്‍ ഒരിക്കല്‍ കൂടി ആശങ്കയുടെ കനലെരിയുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നാടിനെ പിടിച്ചുലക്കുന്ന രീതിയില്‍ വീണ്ടും പകര്‍ച്ച വ്യാധി പടരുകയാണോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗവ്യാപനം തടയാനുള്ള നടപടികളും ഊര്‍ജ്ജിതമാണ്. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടായാല്‍ പല പ്രദേശങ്ങളും അടച്ചിടേണ്ടി വന്നേക്കാം. നിലവില്‍ അത്തരമൊരു സാഹചരര്യമല്ല ഉള്ളതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍.2018 ല്‍ കോഴിക്കോട് ജില്ലയെ ഞെട്ടിച്ച നിപ്പ വൈറസ് വ്യാപനം ജനങ്ങളെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. ദിവസങ്ങളോളം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിര്‍ത്തി വെച്ചു. നിരവധി പേര്‍ക്കാണ് ദിവസങ്ങളോളം തൊഴിലും വരുമാനവും നഷ്ടമായത്.

രണ്ട് പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണം

മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കടുത്ത നിയന്ത്രണത്തില്‍ തുടരുകയാണ്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തന സമയം  കടകളിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.  സാമൂഹിക അകലം പാലിക്കാനും കര്‍ശന നിര്‍ദേശമുണ്ട്. ആളുകള്‍ ഒന്നിച്ചു കൂടുന്ന സാഹചര്യം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.  വിവാഹങ്ങള്‍, മീറ്റിംഗുകള്‍ എന്നിവക്ക് കടുത്ത നിയന്ത്രണമാണുള്ളത്. വിവാഹങ്ങള്‍ ഏറെ നടക്കുന്ന സീസണായതിനാല്‍ ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകള്‍ മാറ്റിവെക്കുകയോ കുറഞ്ഞ ആളുകളെ വെച്ച് നടത്തുകയോ ആണ് ചെയ്യുന്നത്.

സമ്പര്‍ക്ക പട്ടിക നീളുന്നു

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം കൂടുമോ എന്ന ഭയം വളര്‍ത്തുന്നുണ്ട്. അതിനിടെ മലപ്പുറത്ത് മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ഉള്ളവര്‍ കൂടി ഉള്‍പ്പെട്ടതോടെ കേരളമൊട്ടാകെ നിപ്പയുടെ ആശങ്ക പരക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ് മലപ്പുറത്ത് അറിയിച്ചു. പാലക്കാട്ടുള്ള രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സക്കെത്തിയവരുമാണ്. തിരുവനന്തപുരത്ത് ഐസൊലേഷനില്‍ കഴിയുന്നവരുടെ സാമ്പിളുകള്‍ തോന്നക്കലിലെ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടു പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും രണ്ടു പേര്‍ സക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമാണുള്ളത്. നിലവില്‍ ആകെ 350 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടും. സമ്പര്‍ക്കപ്പട്ടികയിലുള്ള 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധിതനായ ശേഷം കുട്ടി സഞ്ചരിച്ച സ്വകാര്യബസിലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബസിലെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിവരികയാണ്.

വവ്വാല്‍ കടിച്ച അമ്പഴങ്ങ കഴിച്ചതായി സംശയം

നിപ ബാധിച്ച കുട്ടി വീടിന് സമീപത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നതായും  ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റ് പരിശോധനകള്‍ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലെ  ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തും. ഐ.സി.എം.ആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വവ്വാലുകളുടെ ശരീരത്തിലുള്ള നിപ്പ  വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആറിന്റെ സഹകരണത്തോടെ തുടരുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. എന്നാല്‍ രോഗം പടരാതെ തടയാന്‍ എല്ലാവരും മാസ്‌ക് ധരിക്കണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവര്‍ സര്‍വയലന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. ആനക്കയത്ത് 80 ഉം പാണ്ടിക്കാട് 144 ഉം സംഘങ്ങളാണ് ഫീല്‍ഡിലുള്ളത്. വളര്‍ത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സര്‍വയലന്‍സ് സംഘവും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ഇവര്‍ ശേഖരിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് കൗണ്‍സലിങ് നല്‍കും.

ജാഗ്രത അനിവാര്യം

അശ്രദ്ധ മൂലം വൈറസ് വ്യാപനം വേഗത്തിലാകുന്നത് തടയാന്‍ എല്ലാ ഇടങ്ങളിലും ജാഗ്രത ആവശ്യമാണെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. വിവിധ ജില്ലകളിലൂടെ സഞ്ചരിക്കുന്നവര്‍ ഏറെയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ ഒരറ്റത്ത്  നിന്ന് മറ്റൊരറ്റത്തേക്ക് വൈറസ് വ്യാപനം നടക്കാന്‍ എളുപ്പമാണ്. ആശങ്കയുടെ ഈ ഘട്ടത്തില്‍ അനാവശ്യ യാത്രകള്‍ കുറച്ചു ദിവസത്തേക്കെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. പനിയുണ്ടെങ്കില്‍ വീടിന് പുറത്തിറങ്ങാതിരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കുന്നത് എല്ലാവരും ശീലമാക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Tags:    

Similar News