നിപ്പ പേടിയില്‍ ആദ്യം വിറങ്ങലിച്ചെങ്കിലും വിപണി പിടിച്ച് റംബൂട്ടാന്‍; വഴിയോരക്കച്ചവടവും സജീവമാകുന്നു

സീസണാകും മുന്‍പേ വിപണിയിലെത്തിയ റംബൂട്ടാന് 350 മുതല്‍ 400 വരെയായിരുന്നു വില

Update:2024-07-24 12:14 IST

Image: Canva

പഴം വിപണിയില്‍ ഹീറോ പരിവേഷത്തോടെ നില്‍ക്കുമ്പോഴാണ് റംബുട്ടാന്റെ മുന്നില്‍ വില്ലനായി നിപ്പ വൈറസ് എത്തുന്നത്. മലപ്പുറത്ത് നിന്നും നിപ്പയുടെ വാര്‍ത്തകള്‍ വന്നതോടെ സര്‍വപ്രതാപിയായി വിലസിയ റംബൂട്ടാനെ ആളുകള്‍ പേടിയോടെയാണ് നോക്കിയിരുന്നത്. എന്നാല്‍ സമ്പര്‍ക്ക പട്ടികയില്‍ വന്നവരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് കര്‍ഷകര്‍.

സീസണാകും മുന്‍പേ വിപണിയിലെത്തിയ റംബൂട്ടാന് 350 മുതല്‍ 400 വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ചിലയിടങ്ങളില്‍ വില്പന ഉണ്ടെങ്കിലും 100 രൂപയ്ക്ക് പോലും ആളുകള്‍ വാങ്ങാന്‍ മടിക്കുകയായിരുന്നു രണ്ടുദിവസം മുമ്പുവരെ. നിപ്പയുമായി ബന്ധപ്പെട്ട ആശങ്ക തന്നെയായിരുന്നു കാരണം. ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിയതായി കര്‍ഷകര്‍ പറയുന്നു.

വിദേശ പഴമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും റംബൂട്ടാന്‍ നല്ല വിളവു നല്‍കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് റംബൂട്ടാന്‍ മരം പൂക്കുന്നത്. മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കായ്കള്‍ പഴുക്കും. കാലാവസ്ഥാ മാറ്റം അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. പഴുത്ത 50 കായ്കള്‍ ഉണ്ടെങ്കില്‍ ഒരു കിലോഗ്രാമാകും.

മുന്‍ വര്‍ഷങ്ങളില്‍ സീസണ്‍ ആകുമ്പോള്‍ റോഡിന്റെ വശങ്ങളില്‍ റംബൂട്ടന്‍ വില്പന നടത്തുന്നവര്‍ ഏറെയായിരുന്നു. ഇത്തവണ കുറവാണെങ്കിലും നിപ്പ ഭീതി ഒഴിഞ്ഞതോടെ സജീവമായിട്ടുണ്ട്.

റംബൂട്ടാന് ഗുണമേറെ


കേരളത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഫലമാണ് റംബൂട്ടാന്‍. ഇതില്‍ നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മധുരവും ചെറിയ പുളിപ്പും ചേര്‍ന്ന രുചിയാണ് ഇതിന്. നാരുകളുടെ അംശം ഉള്ളതിനെ ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. അനിമിയ വരാതിരിക്കാന്‍ റംബൂട്ടാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലാണ് റംബൂട്ടാന്‍ സാധാരണയായി കാണപ്പെടുക. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ കാലക്രമേണ ലോകത്തെല്ലായിടത്തും റംബൂട്ടാന്‍ ലഭ്യമാണ്. കേരളത്തിലെ മണ്ണും കാലാവസ്ഥയും റംബുട്ടാന്‍ കൃഷിക്ക് അനുയോജ്യമാണ്.
Tags:    

Similar News