നീരവ് മോദിയുടെ 100 കോടി വിലയുള്ള ബംഗ്ലാവ് പൊളിച്ചടുക്കി അധികൃതർ

Update: 2019-03-08 11:39 GMT

പഞ്ചാബ് നാഷനൽ ബാങ്ക് പണത്തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ 100 കോടി രൂപ വിലവരുന്ന ബീച്ച് ബംഗ്ലാവ് അധികൃതർ പൊളിച്ചുനീക്കി. കൺട്രോൾഡ് ഡെമോളിഷൻ ടെക്‌നിക്ക് ഉപയോഗിച്ചാണ് ബംഗ്ലാവ് പൊളിച്ചത്.

മഹാരാഷ്ട്രയിലെ അലിബാഗിൽ പണിതുയർത്തിയ ബംഗ്ലാവ് പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഒരു എൻജിഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേൽ ബോംബെ ഹൈക്കോടതിയാണ് ഡെമോളിഷന് ഉത്തരവിട്ടത്.

2009-2010 കാലയളവിൽ 70,000 ചതുരശ്രയടി പ്ലോട്ടിൽ പണികഴിപ്പിച്ച ആഡംബര ബംഗ്ലാവിന് 33,000 ചതുരശ്രയടി വിസ്തീർണ്ണമുണ്ടായിരുന്നു. സെക്കന്റുകൾകൾ മാത്രം നീണ്ടുനിന്ന ഡെമോളിഷൻ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടത്തിയത്. 100 ഡൈനമൈറ്റ് സ്റ്റിക്കുകളാണ് ഇതിനായി ഉപയോഗിച്ചത്.

നീരവ് മോദി നാടുവിട്ടതിനെത്തുടർന്ന് 2018 ഡിസംബറിൽ എൻഫോഴ്‌സ്‌മെന്റ് ബംഗ്ലാവ് കണ്ടുകെട്ടിയിരുന്നു.

Similar News