എം.എസ്.എം.ഇ ക്രെഡിറ്റ് പദ്ധതിയില്‍ പുരോഗതി രേഖപ്പെടുത്തി സര്‍ക്കാര്‍

Update: 2020-07-13 06:39 GMT

കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി എം.എസ്.എം.ഇ മേഖലയ്ക്കായി തുടക്കമിട്ട വായ്പാ പദ്ധതി മികച്ച തോതില്‍ പുരോഗമിക്കുന്നതായി  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്യത്തില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗം ചൂണ്ടിക്കാട്ടി. മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പാ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 1.20 ലക്ഷം കോടി കഴിഞ്ഞ മാസത്തോടെ  നല്‍കിക്കഴിഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഏറ്റവും ബൃഹത്തായ ഭാഗമാണ് എം എസ് എം ഇ മേഖലയ്ക്കായുള്ളത്. രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 21 ലക്ഷം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒന്നര മാസത്തിനിടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് വായ്പാ സഹായം നല്‍കുന്നതില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ എട്ടിനും ജൂണ്‍ 30 നും ഇടയില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 20.44 ലക്ഷം കേസുകളില്‍ റീഫണ്ട് അനുവദിച്ചെന്നും 62,361 കോടി രൂപ ഈ തരത്തില്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ബാക്കി റീഫണ്ടുകളുടെ പ്രക്രിയ നടന്നുവരുന്നു. ഖാരിഫ് കൊയ്ത്ത് നല്ല വിള നല്‍കിയതും കേന്ദ്രത്തിന് പ്രതീക്ഷയായി. ജൂലൈ ആറ് വരെ വിള സംഭരണത്തിനടക്കം സൗകര്യമൊരുക്കുന്നതിനായി 30,000 കോടി രൂപ വിതരണം ചെയ്തു. കാര്‍ഷിക മേഖലയില്‍ അടിയന്തിര അടിസ്ഥാന സൗകര്യ വികസനത്തിനായി 30,000 കോടിയാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പ്രഖ്യാപിച്ചത്.

മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി 30,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പദ്ധതി ആരംഭിച്ചു. ഇതുസംബന്ധിച്ച ആദ്യ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചതായും ബാക്കിയുള്ളവയും പരിഗണിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News