'കോപ്പ' ലൈവ് ഇല്ല, ആവേശം ചോര്‍ന്ന് ഫുട്ബാള്‍ പ്രേമികള്‍; ജേഴ്സി വിപണിയില്‍ മാന്ദ്യം
ജേഴ്‌സി വില്പന പൊടിപൊടിക്കേണ്ട സമയത്ത് ലൈവ് ടെലികാസ്റ്റ് ഇല്ലാതെ വന്നത് വിപണിക്ക് തിരിച്ചടിയായി
അര്‍ജന്റീനയും ബ്രസീലും പോരാട്ട വീര്യം പുറത്തെടുക്കുന്നത് കാണാന്‍ കഴിയാത്തത് കേരളത്തിലെ ഫുട്ബാള്‍ പ്രേമികളെ നിരാശരാക്കുന്നു. കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്റിനു ചാനലുകളില്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാത്തതാണ് ആരാധകരില്‍ ആവേശം ചോര്‍ത്തുന്നത്.
ജേഴ്സി വിപണിയിലും ഇതു പ്രതികൂലമായാണ് പ്രതിഫലിക്കുന്നത്. ഈ സീസണില്‍ പ്രതീക്ഷിച്ചിരുന്ന ജേഴ്സി വില്പന നടക്കുന്നില്ലെന്നു സ്‌പോര്‍ട്‌സ് വെയര്‍ വ്യാപാരികള്‍ പറയുന്നു. മലബാര്‍ മേഖലയില്‍ ആണ് പ്രധാനമായി കോപ്പ ടൂണമെന്റിന് ആരാധകര്‍ ഉള്ളത്. ലയണല്‍ മെസ്സിക്കും നെയ്മറിനുമെല്ലാം വലിയ ആരാധക വൃന്ദം തന്നെയുണ്ട്.
ഇത്തവണ യുറോ കപ്പും ഇതേ സമയത്തു തന്നെ നടക്കുന്നു. യുറോ കപ്പ് മാത്രമാണ് ചാനല്‍ ലൈവ് ഉള്ളത്. കോപ്പ ലൈവ് ടെലികാസ്റ്റ് ഇന്ത്യയില്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലുകള്‍ ഒന്നും ചെയ്യുന്നില്ല. യുറോ കപ്പ് സോണിയില്‍ ലൈവ് ഉണ്ട്. ചില ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ കോപ്പ കപ്പ് തല്‍സമയ സംപ്രേക്ഷണം ഉണ്ട്. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇത് ലഭിക്കുന്നുള്ളൂ. മാത്രമല്ല, വലിയ സ്‌ക്രീനില്‍ കാണാന്‍ സംവിധാനം കുറവായതും ഫുട്ബാള്‍ ഫാന്‍സുകളെ നിരാശരാക്കുന്നു.
നിരാശയില്‍ ജേഴ്‌സി വില്പനക്കാര്‍
ലോകത്തിലെ പ്രധാന ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോഴെല്ലാം കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ സ്‌പോര്‍ട്‌സ് വെയര്‍ വിപണി ഉണരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ വിപണിയില്‍ നല്ല തരംഗമുണ്ടാക്കി.അതിന് ശേഷം ഇപ്പോള്‍ യൂറോ കപ്പും കോപ്പ അമേരിക്കയും ഒന്നിച്ചു വന്നതോടെ വിപണിയില്‍ ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ കോപ്പ കളികള്‍ ലൈവ് ഇല്ലാത്തത് അപ്രതീക്ഷിത തിരിച്ചടിയായി.
കേരളത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ആണ് കൂടുതല്‍ ആരാധകര്‍. മെസിയുടെയും നെയ്മറുടെയും ആക്ഷന്‍ ചിത്രങ്ങള്‍ ഉള്ള ജേഴ്‌സികള്‍ക്കാണ് കൂടുതല്‍ ഡിമാന്റ് എന്ന് കേരളത്തിലെ പ്രമുഖ സ്‌പോര്‍ട്‌സ് വെയര്‍ നിര്‍മാതാക്കളായ കിക്ക് ഓഫിന്റെ ഉടമ ഷാജഹാന്‍ തോപ്പില്‍ പറയുന്നു. കോപ്പ അമേരിക്ക മത്സരങ്ങള്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാത്തത് ജേഴ്സി വില്പനയെയും ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുറോ കപ്പ് മത്സരങ്ങള്‍ കാണുന്നവരും ഒട്ടേറെ ഉണ്ട്. എന്നാല്‍ കോപ്പയിലെ ടീമുകള്‍ക്കാണ് കൂടുതല്‍ ആരാധകര്‍. യൂറോപ്യന്‍ താരങ്ങള്‍ക്ക് ആരാധകര്‍ ഉണ്ട്. പോര്‍ച്ചുഗലിന് ഫാന്‍സ് കുറവാണ്. എന്നാല്‍ റൊണാള്‍ഡോക്ക് ആരാധകര്‍ ഏറെയുണ്ട്. എംബാപ്പേ യുടെ കാര്യവും ഇതു തന്നെ.