ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കാന്‍ ചൈനയുടെ തീരുമാനം

Update: 2020-05-22 10:36 GMT

ചൈന കാല്‍ നൂറ്റാണ്ടായി തുടരുന്ന പതിവില്‍ നിന്നു മാറി ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കുന്നു. കോവിഡ്-19 മായി ബന്ധപ്പെട്ട് സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഉണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചുവടുമാറ്റം.

ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ ആഗോള തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയോട് പുലര്‍ത്തിവരുന്ന വിശ്വാസ്യത തകരുമെന്ന ആശങ്ക കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഭരണകൂടത്തെയും പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.1994 മുതലാണ് ചൈന ജിഡിപി വളര്‍ച്ചാ ലക്ഷ്യം എന്ന പ്രക്രിയ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കിയത്. അതിനുശേഷം ഇതു വേണ്ടെന്നു വയ്ക്കുന്നത് ആദ്യമാണ്.

നാലു ദശകങ്ങളായി ചൈന കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ നിന്ന് പിന്നോട്ടുപോകുന്ന അസാധാരണ സാഹചര്യം നേരിടാനുള്ള നേതൃത്വത്തിന്റെ സങ്കോചവും ഈ നടപടി പ്രകടമാക്കുന്നു. അതേ സമയം ചൈനയെ സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജകശക്തിയായി ആശ്രയിക്കുന്ന ഒരു ലോക ചേരിയുടെ മൊത്തം തളര്‍ച്ചയുടെ പ്രതീകമായും ഈ നടപടിയെ കാണുന്ന വിദഗ്ധരുണ്ട്.

ചൈന കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 6.1 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ നേട്ടമായിരുന്നു ഇത് 6.0 ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിലായിരുന്നു നേരത്തെ ലക്ഷ്യമിട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News