പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പരമാവധി പിഴ 1000 രൂപ, കുരുക്കുകള്‍ ഏറെ; പുതിയ നിയമം ഇങ്ങനെ
മറ്റ് പരിണതഫലങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന ടിഡിഎസ് നിങ്ങള്‍ അടയ്‌ക്കേണ്ടി വരും. പുതിയ നിയമത്തിന്റെ വിശദാംശങ്ങളറിയാം.
2021 മാര്‍ച്ച് 31 അവസാന തീയതിയില്‍ നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് മാത്രമല്ല, പിഴ അടയ്ക്കാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. 1961 ലെ ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ വകുപ്പ് (വകുപ്പ് 234 എച്ച്) പ്രകാരമാണ് ഇത്. 2021 മാര്‍ച്ച് 23 ന് ധനകാര്യ ബില്‍ പാസാക്കുന്ന സമയത്താണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
പുതുതായി ചേര്‍ത്ത നിയമമനുസരിച്ച്, പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിന് ഈടാക്കുന്ന പിഴയുടെ തുക സര്‍ക്കാര്‍ വ്യക്തമാക്കും, അവിടെ പിഴ തുക 1,000 രൂപയില്‍ കവിയരുത് എന്നതാണ് തീരുമാനം. നിലവില്‍, പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31 ആണ്. നിലവിലെ നിയമമനുസരിച്ച്, പാന്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തനരഹിതമായിത്തീരും.
വളരെ നേരത്തെ തന്നെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിഴ തുക സംബന്ധിച്ച് വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ പിഴ വളരെ താഴെ എങ്കിലും മറ്റ് പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഓരോ തവണയും പാന്‍ - ആധാര്‍ ബന്ധിപ്പിക്കാത്തതിന്റെ അപര്യാപ്തയ്ക്ക് ഈ തുക തുടര്‍ച്ചയായും നല്‍കേണ്ടി വന്നേക്കാം.
2021 ഏപ്രില്‍ 1 മുതല്‍ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഓര്‍മ്മിക്കുക, അതിനാല്‍, സര്‍ക്കാര്‍ സമയപരിധി നീട്ടിയില്ലെങ്കില്‍, 2021 മാര്‍ച്ച് 31 നകം നിങ്ങള്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ ബാധ്യതയുണ്ട്
''ആധാര്‍ നമ്പര്‍ എല്ലാ ഇടപാടുകളുമായി ബന്ധിപ്പിക്കുന്നതിനായി ഫിനാന്‍സ് ബില്‍ 2021 പുതിയ സെക്ഷന്‍ 234 എച്ച് അവതരിപ്പിച്ചു. ഒരു വ്യക്തി ആധാര്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അത് നല്‍കാതെ ഇരുന്നാലും 1000 രൂപ പിഴ നല്‍കേണ്ടി വരും. ഈ ഫീസ് മറ്റ് പരിണതഫലങ്ങള്‍ക്ക് പുറമേയായിരിക്കും. ആധാര്‍ നമ്പര്‍ അറിയിക്കാത്തതിനാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും, ടിഡിഎസിന്റെ ഉയര്‍ന്ന നിരക്കും ബാധകമാകും. 'ടാക്‌സ് 2 വിന്‍ ഡോട്ട് ഇന്‍ സിഇഒയും സ്ഥാപകനുമായ അഭിഷേക് സോണി പറയുന്നു.
നിശ്ചിത സേവന നിരക്ക് നല്‍കി അക്ഷയ കേന്ദ്രത്തിലോ നിര്‍ദിഷ്ട ബാങ്കുകളിലോ അതുമല്ലെങ്കില്‍ സ്വന്തമായി ആധാര്‍ വെബ്‌സൈറ്റിലോ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.