പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കർ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

Update: 2018-11-07 10:12 GMT

പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കർ പതിപ്പിക്കുന്നത് ഒഴിവാക്കാൻ വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം.

ഇനങ്ങളും വിലയും തിരിച്ചറിയാനാണ് സാധാരണ സ്റ്റിക്കറുകൾ ഉപയോഗിക്കാറ്. എന്നാൽ ഇന്ത്യയിൽ ഇവ ഉപയോഗിക്കുന്നത് ബ്രാൻഡ് നിലവാരം ഉയർത്തിക്കാട്ടാനാണ്. പലതരം പശകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ഇവ സുരക്ഷിതമാണോ എന്ന കാര്യത്തിൽ വേണ്ടത്ര പരിശോധന നടന്നിട്ടില്ല.

ഇതിൽ ആരോഗ്യത്തിന് ഹാനികരമായ പല ഘടകങ്ങളും ചേർന്നിട്ടുണ്ടാകാം. സ്റ്റിക്കർ പറിച്ചെടുത്താലും പശ ഇവയുടെ തൊലിയിൽ തന്നെ ഇരിക്കും. മാത്രമല്ല, പഴങ്ങളുടെ കേട് മറക്കാനായും ചിലർ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതായി എഫ്എസ്എസ്എഐ കണ്ടെത്തി. ഇതേത്തുടർന്നാണ് നിർദേശം.

ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ ഭക്ഷ്യയോഗ്യമാണ്. അവിടത്തെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അനുമതിയുണ്ടെങ്കിലേ സ്റ്റിക്കർ പതിക്കാൻ സാധിക്കൂ. എന്നിരുന്നാലും സ്റ്റിക്കർ മാറ്റിയിട്ടേ ഉപയോഗിക്കാവൂ എന്ന നിർദേശം ഉണ്ട്.

Similar News