തലസ്ഥാന നഗരത്തിലും നോക്കുകൂലി; പ്രവാസി സംരംഭകന്റെ അനുഭവമിതാ

എട്ട് കോടി രൂപ പ്രൊജക്റ്റ് പ്ലാനുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം ഏതാണ്ട് മൂന്നര കോടിയോളം രൂപ മുടക്കി മുന്നോട്ട് പോകുന്നതിനിടയിലാണ് സംഭവം.

Update: 2021-07-07 12:24 GMT

കേരളത്തില്‍ നോക്ക് കൂലി ഇനിയും ഒഴിയാബാധയാകുന്നു. സംസ്ഥാന ഭരണ സിരാ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെ അല്ലാത്ത കഴക്കൂട്ടത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതുയര്‍ത്തുന്ന സംരംഭകന്റെ ദുരനുഭവം അദ്ദേഹം വ്യക്തമാക്കുകയാണ്. നസീറാണ് തന്റെ കോടികള്‍ മുടക്കിയുള്ള പദ്ധതിക്ക് വിലങ്ങു തടിയാകുന്ന നോക്കു കൂലി പ്രശ്‌നം വെളിപ്പെടുത്തുന്നത്. തൊഴിലാളികളില്‍ നിന്ന് ഭീഷണി നേരിടുന്നത്.

എട്ട് കോടി രൂപ പ്രൊജക്റ്റ് പ്ലാനുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം ഏതാണ്ട് മൂന്നര കോടിയോളം രൂപ മുടക്കി മുന്നോട്ട് പോകുന്നതിനിടയിലാണ് സംഭവം. അസഭ്യം പറയുകയും ഭീമമായ നോക്ക് കൂലി ഉള്‍പ്പെടെ ആവശ്യപ്പെടുകയും, നല്‍കാതിരുന്നാല്‍ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ട് ഭരണ പക്ഷ കക്ഷിയില്‍ പെട്ട ചില തൊഴിലാളികള്‍ രംഗത്ത് വന്നിരിക്കുന്നുവെന്ന് അദ്ദേഹം പരാതിപ്പെടുന്നു.



ഇതിനെതിരെ താന്‍ കഴക്കൂട്ടം പോലീസിലും ക്ഷേമ നിധി ബോര്‍ഡിലും ലേബര്‍ ഓഫീസിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത് കാരണം പണി തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്..തന്റെ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തനിക്ക് ചെലവായ പണം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ താനും ഭാര്യയും 13വയസായ മകനും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ്.
പ്രവാസിയുടെ ഈ അവസ്ഥ തലസ്ഥാനത്തെ വ്യവസായ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപ്പെട്ട് നോക്കുകൂലി തടഞ്ഞിട്ടും, ടെക്നോപര്‍ക്ക് ഉള്‍പ്പെടെ ഐ ടി കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന, തലസ്ഥാനത്ത് തന്നെ ഈ സ്ഥിതി തുടരുന്നതില്‍ ആശങ്കാജനകമാണ്. കേരളം എങ്ങോട്ടാണെന്ന് വ്യവസായികള്‍ ചോദിക്കുന്നു. വ്യവസായങ്ങളില്ലാതെ എങ്ങനെ ഒരു സംസ്ഥാനത്തിന് വികസനത്തിലെത്താന്‍ കഴിയും. കേരളത്തിലെ സംരംഭകര്‍ക്ക് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടാത്ത അവസ്ഥയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പേരിന് യോജിക്കാത്ത സംസ്‌കാരമാണ് പലയിടങ്ങളിലും നടക്കുന്നത്.
കഴക്കൂട്ടം മാര്‍ക്കറ്റിന് സമീപം ആണ് നസീറിന്റെ കോംപ്ലക്‌സ് പണിയുന്നത്. തന്റെ ലോറികള്‍ പല പ്രാവശ്യം യൂണിയന്‍കാര്‍ തടഞ്ഞിട്ടുണ്ട്. പരാതികള്‍ കൊടുത്തിട്ടും പോലീസില്‍ നിന്ന് ഉള്‍പ്പെടെ അതിനുള്ള ഒരു രസീത് പോലും നല്‍കാന്‍ തയ്യാറായില്ല. നോക്ക് കൂലിക്കെതിരെ കേരള ഗവര്‍ണര്‍ തന്നെ ഇടപെട്ട് നിയമം ഉണ്ടാക്കിയിട്ടും അത് ഇന്നും തുടരുന്നതില്‍ താന്‍ ഉള്‍പ്പെടെയുള്ള സംരംഭകര്‍ അസ്വസ്ഥര്‍ ആണെന്ന് നസീര്‍ പറയുന്നു.
സംരംഭകനും തൊഴിലാളികളുമായുള്ള പ്രശ്‌നത്തില്‍ ഇടപ്പെട്ടെന്നും പ്രസ്തുത പ്രശ്‌നത്തില്‍ തൊഴിലാളികള്‍ക്ക് താക്കീ ത് നല്‍കിയതായും, ഈ വരുന്ന 13 ന് സംരംഭകനും തൊഴിലാളികളുമായും സംയുക്ത ചര്‍ച്ച നടത്തുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ ബി എസ് രാജീവ് അറിയിച്ചു.


Tags:    

Similar News