ഉത്തര കൊറിയയില്‍ 11 ദിവസത്തേക്ക് ചിരിക്കാന്‍ പാടില്ല, ഷോപ്പിംഗും മദ്യപാനവും വേണ്ടേ വേണ്ട; കാരണമിതാണ്

ബന്ധുക്കള്‍ മരിച്ചാല്‍ ഉറക്കെ കരയുന്നതിനും നിയന്ത്രണമുണ്ട്

Update:2021-12-17 16:04 IST

രാജ്യത്ത് 11 ദിവസത്തേക്ക് ചിരി, ഷോപ്പിംഗ്, മദ്യപാനം എന്നിവ നിരോധിച്ച് ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഇല്ലിൻ്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എല്ലാവിധ ആഘോഷങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

1994 മുതല്‍ 2011 വരെയാണ് കിം ജോങ്-ഇല്‍ രാജ്യം ഭരിച്ചത്. 2011 ഡിസംബര്‍ 17ന് ഹൃദയാത്ഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനാണ് ഇപ്പോള്‍ ഉത്തര കൊറിയ ഭരിക്കുന്ന കുപ്രസിദ്ധനായ ഏകാധിപതി കിം ജോങ്-ഉന്‍. എല്ലാ വര്‍ഷവും 10 ദിവസം നീണ്ടുനില്‍ക്കുന്ന ദുഖാചരണം ഇത്തവണ 11 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ദുഖാചരണ കാലയളവില്‍ ഉറക്കെ കരയുന്നതിനും നിയന്ത്രണമുണ്ട്. ബന്ധുക്കള്‍ മരിച്ചാല്‍ ചടങ്ങുകള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര കൊറിയയുടെ പരമാധികാരം കിം ജോങ് ഉന്നിൻ്റെ കൈകളിലെത്തിയിട്ട് 10 വര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഈ മാസത്തിനുണ്ട്. പിതാവിൻ്റെ മരണ ശേഷം 2011 ഡിസംബര്‍ 30ന് ഇരുപത്തിയേഴാം വയസില്‍ ആണ് കിം ജോങ് ഉന്‍ ഭരണം ഏറ്റെടുക്കുന്നത്. കിം ജോങ് ഉന്നിൻ്റെ മുത്തച്ഛനായ കിം ഇല്‍ സുങ് 1948ല്‍ ആണ് ഉത്തര കൊറിയ സ്ഥാപിക്കുന്നത്.


Tags:    

Similar News