ഡ്രൈവിംഗ് പരിശീലിപ്പിക്കാനും ഇനി 'പരിശീലനം' വേണം; കോഴ്‌സും ജയിക്കണം

പുതിയ ഉത്തരവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്

Update:2023-10-11 13:12 IST

Image : Canva

ഡ്രൈവിംഗ് അറിയാമെന്ന് കരുതി മാത്രം ഇനി ഡ്രൈവിംഗ് സ്‌കൂളുകളില്‍ 'ആശാന്‍' ആകാനാവില്ല! ഡ്രൈവിംഗ് സ്‌കൂളില്‍ അദ്ധ്യാപകന്‍ (Instructor) ആവണമെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന പരിശീലനം നേടിയേ തീരൂ; കോഴ്‌സും ജയിക്കണം.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് അഥവാ ഐ.ഡി.ടി.ആര്‍ പരിശീലനമാണ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത്. മലപ്പുറം എടപ്പാളിലാണ് ഐ.ഡി.ടി.ആര്‍.
കോഴ്‌സ് ജയിക്കണം
മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 24(3) അനുശാസിക്കുന്ന യോഗ്യതകള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐ.ഡി.ടി.ആര്‍ അംഗീകരിച്ച കോഴ്സും വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ മാത്രമേ ഇന്‍സ്ട്രക്ടര്‍മാരായി അംഗീകരിക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവിലുള്ളത്.
ചില ഡ്രൈവിംഗ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലകര്‍ ആകാനുള്ള യോഗ്യതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പലര്‍ക്കും ശാസ്ത്രീയ ഡ്രൈവിംഗ് പരിശീലനമില്ല. റോഡ് നിയമങ്ങള്‍ സംബന്ധിച്ച അറിവില്ലാത്തവരുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോഴ്‌സ് നല്‍കാന്‍ തീരുമാനം.
കേന്ദ്ര നിര്‍ദേശ പ്രകാരം
ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതയായ മോട്ടോര്‍ മെക്കാനിക്ക് സിലബസിന് പുറമെ നിയമങ്ങളും ചട്ടങ്ങളും പ്രായോഗിക പരിശീലനവും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 2014ല്‍ രൂപീകരിച്ചതാണ് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. സംസ്ഥാന സര്‍ക്കാരിന്റെയും കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടേയും സാമ്പത്തിക സഹായത്താലാണ് പ്രവര്‍ത്തനം.
ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇവിടെ പരിശീലനം. ഐ.ഡി.ടി.ആറിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ അങ്കമാലി കറുകുറ്റിയില്‍ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Tags:    

Similar News