കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിംഗിന് ഇന്ന് മുതല്‍ പുതിയ സംവിധാനം
റീഫണ്ട് ഇനി വേഗത്തിൽ ലഭിക്കും, ലൈവ് ടിക്കറ്റിംഗ് സംവിധാനവും ആലോചനയിൽ
കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ( പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്) വഴിയുമാണ് ഇനി ടിക്കറ്റ് ബുക്കിംഗ്(റിസര്‍വ്വേഷന്‍) ചെയ്യാനാകുന്നത്.
കരാര്‍ അവസാനിച്ചതിനാല്‍
അഭിബസുമായുള്ള (Abhibus) കരാറിലായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൈകാര്യം ചെയ്തിരുന്നത്. ഈ കരാര്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തുടർന്ന് ഓഗസ്റ്റില്‍ അവസാനിക്കുന്ന പുതിയ സര്‍വീസ് പ്രൊവൈഡര്‍ക്ക് വേണ്ടി കെ.എസ്.ആര്‍.ടി.സി ടെണ്ടര്‍ വിളിക്കുകയും, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ട്രാവല്‍യാരി(Travelyaari)' എന്ന കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു.
പുതിയ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി മെയ് മാസം മുതല്‍ ഓഗസ്റ്റ് വരെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വീസുകളുടെ ബുക്കിംഗ് മാത്രം ഈ പുതിയ പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥം ഒരുക്കിയിരുന്നു. ഇത് വിജയമായതിനെ തുടര്‍ന്നാണ് എല്ലാ സര്‍വീസുകളേയും ഉള്‍പ്പെടുത്തി ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
പുതിയ സംവിധാനത്തിലെ സവിശേഷതകള്‍
ബസ് ഓട്ടം തുടങ്ങിയ ശേഷവും പിന്നീട് വരുന്ന സ്ഥലങ്ങളില്‍ നിന്നും ലഭ്യമായ സീറ്റുകളില്‍ ബുക്കിംഗ് നടത്താനാകും. ഇതോടെ യാത്രക്കാര്‍ ബസുകള്‍ തിരയുമ്പോള്‍ കൂടുതല്‍ ബസുകള്‍ ലഭ്യമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ലൈവ് ടിക്കറ്റിംഗ് (Live Ticketing) സംവിധാനവും ഏതാനും സര്‍വീസുകളില്‍ നടപ്പിലാക്കി വരുന്നുണ്ട്. എസ്.എം.എസിന് പുറമെ വാട്‌സാപ്പ് വഴിയും ബുക്കിംഗ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാല്‍ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസവും ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാനും സാധിക്കും.
കെ.എസ്.ആര്‍.ടി.സിക്ക് ബ്രേക്കിട്ട് കേന്ദ്രനയം
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുന്ന സാഹചര്യമെത്തിയതോടെ ഇത്തരം സര്‍വിസുകള്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11 ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, നിയമ വിദഗ്ധര്‍, ഗതാഗത വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും കെ.എസ്.ആര്‍.ടി.സിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
നാഷനല്‍ പെര്‍മിറ്റെടുക്കുന്ന ബസുകള്‍ക്ക് രാജ്യത്തെ ഏതു പാതയിലും സര്‍വിസ് നടത്താമെന്നാണ് പുതിയ കേന്ദ്ര നയം. ഇതോടെ സ്വകാര്യ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകളിലേക്കു കടക്കാനൊരുങ്ങുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി ചര്‍ച്ചചെയ്യാനൊരുങ്ങുന്നത്. ആധുനിക സൗകര്യവും സമയലാഭവും വാഗ്ദാനം ചെയ്ത് കൂടുതല്‍ ബസുകളെത്തുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള യാത്രക്കാരും നഷ്ടമാകുമോയെന്നാണ് ആശങ്ക. നയത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും.