യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ചെലവഴിക്കല്‍ ട്രെന്‍ഡ് ആകുന്നു; 10,000 കോടി രൂപയുടെ ഇടപാടുകള്‍
200 കോടി രൂപ വരെ ക്രെഡിറ്റ് ലൈൻ ഇടപാടുകളും നടന്നു
യു.പി.ഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് വര്‍ധിക്കുകയാണ്. ഇത്തരം പണമിടപാട് 10,000 കോടി രൂപ കടന്നതായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു.
യു.പി.ഐയിൽ ചെറിയ തുകകള്‍ വായ്പകള്‍ നല്‍കുന്ന സേവനത്തെ ക്രെഡിറ്റ് ലൈൻ എന്നാണ് പറയുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ യു.പി.ഐ ക്രെഡിറ്റ് ലൈൻ വിതരണം ചെയ്തിരിക്കുന്നത്. 200 കോടി രൂപ വരെ ക്രെഡിറ്റ് ലൈൻ ചെലവാക്കലുകള്‍ മാസം നടക്കുന്നുണ്ട്.
ജൂലൈയില്‍ നടന്നത് റെക്കോഡ് ഇടപാടുകള്‍
എന്‍.പി.സി.ഐ 2022 നവംബറിലാണ് ക്രെഡിറ്റ് കാർഡ് ഫീച്ചർ ആരംഭിച്ചത്. ഉപയോക്താവിന് അവരുടെ ക്രെഡിറ്റ് കാർഡ് യു.പി.ഐ ആപ്പിൽ ലിങ്ക് ചെയ്യാവുന്ന സവിശേഷതയാണ് ഇത്. പേയ്‌മെന്റുകള്‍ ആ മാസത്തെ ക്രെഡിറ്റ് കാർഡ് ബില്ലിലേക്ക് ചേർക്കുകയാണ് ചെയ്യുക. ഒട്ടേറെ ബാങ്കുകള്‍ ഈ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയും ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.
യു.പി.ഐ ഉപയോഗിച്ച് 20.64 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് ജൂലൈയിൽ രാജ്യത്ത് നടന്നത്. 20.07 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ആയിരുന്നു ജൂണിൽ നടന്നത്. മൊത്തം യു.പി.ഐ ഇടപാടുകളുടെ എണ്ണം ജൂണിലെ 13.89 ബില്യണിൽ നിന്ന് ജൂലൈയിൽ 14.44 ബില്യണായും ഉയർന്നു.