എന്‍പിആര്‍-സെന്‍സസ്: വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

Update: 2020-01-04 08:21 GMT

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സസും ദേശീയ പൗരത്വ രജസിട്രേഷനും വേണ്ടി പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്ന സംസ്ഥാന- തദ്ദേശ ഭരണ സ്ഥാപന ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷയോ പിഴയോ ലഭിച്ചേക്കാം. സെന്‍സസിന് മടിക്കുന്ന ജീവനക്കാര്‍ക്ക് സെന്‍സസ് ഓഫ് ഇന്ത്യ ആക്റ്റ് സെക്ഷന്‍ 11 പ്രകാരമാണ് ശിക്ഷ ലഭിക്കുക. എന്‍പിആര്‍ ചുമതല നിര്‍വഹിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 2003 ലെ പൗരത്വ നിയമത്തിലെ 17ാം വകുപ്പ് പ്രകാരം ആയിരം രൂപ വരെ പിഴയാണ് ലഭിക്കുക.

2021 ലെ സെന്‍സസിനൊപ്പം എന്‍പിആറും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇതിനുള്ള വിവരശേഖരണം നടത്തുക. അധ്യാപകരും ജീവനക്കാരുമാണ് എന്യുമറേറ്റര്‍മാര്‍ എന്ന നിലയില്‍ വിവരശേഖരണത്തിനായി നിയോഗിക്കപ്പെടുക. 2003 ലെ സിറ്റിസണ്‍ഷിപ്പ് റൂളിലെ റൂള്‍ അഞ്ച് പ്രകാരം പൗരത്വ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ രജിസ്ട്രാര്‍ ജനറലിനെ സഹായിച്ചിരിക്കണമെന്നുണ്ട്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പൗരത്വ രജിസ്‌ട്രേഷനുമായി സഹകരിക്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.

അതേസമയം, സംസ്ഥാന ജീവനക്കാരോട് സെന്‍സസ് ഓഫ് ഇന്ത്യ ആക്റ്റ്, സിറ്റിസണ്‍ഷിപ്പ് റൂള്‍സ് എന്നിവ പ്രകാരം വിവര ശേഖരണത്തിന് സെന്‍സസ് കമ്മീഷണറെയും രജിസ്ട്രാര്‍ ജനറലിനെയും സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Similar News