കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലെത്താമെന്ന് സര്‍ക്കാര്‍

Update: 2020-06-24 08:09 GMT

പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്ക് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റുമായി അല്ലാതെ നാട്ടിലേക്ക് വരാന്‍ കഴിയില്ല എന്ന ഉത്തരവ് തിരുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് പരിശോധനാ സംവിധാനത്തിനായി വേണ്ട സൗകര്യങ്ങളില്ലാത്ത സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന പ്രവാസികളുടെ കഷ്ടപ്പാടുകള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. അതേസമയം കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.

മാത്രമല്ല പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശിക്കുന്നു. ഈ പുതിയ നിര്‍ദേശങ്ങള്‍ എന്നുമുതല്‍ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ അറിയാം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. എല്ലാ പ്രവാസികളും കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായേ വരാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്.

പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധനയ്ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പരിശോധനാ സൗകര്യങ്ങള്‍ സംബന്ധിച്ച് എംബസികള്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News