നാട്ടിലേക്ക് വരാതെ പ്രവാസികള്‍; എങ്ങോട്ടാണ് അവര്‍ പോകുന്നത്?
കേരളത്തിലേക്ക് യാത്രാ ചെലവ് കൂടുതല്‍;
സ്വന്തം നാടിനെ കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകളില്‍ വിങ്ങി, അവധിക്കാലമെത്താന്‍ കാത്തിരുന്ന പ്രവാസിയുടെ രീതികള്‍ മാറുകയാണോ? നാടിന്റെ പച്ചപ്പിലേക്ക് പറന്നിറങ്ങാന്‍ കൊതിച്ച ഗള്‍ഫ് മലയാളിയുടെ മനസ്സ് ഇതുവരെ കാണാത്ത തീരങ്ങള്‍ തേടുകയാണോ?... വാര്‍ഷിക അവധി കിട്ടുമ്പോള്‍ പ്രവാസികളില്‍ പലരും നാട്ടിലേക്ക് വരാന്‍ മടിക്കുകയാണ്. പകരം, മറ്റു രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നു. ഒറ്റക്കും, കുടുംബമായും...
ഇനി ലോകം കാണാം
ഒമ്പത് മാസം ജോലിയെടുത്താല്‍ കിട്ടുന്ന ഒരു മാസത്തെ അവധിയില്‍ നാട്ടിലെത്തി വീട്ടുകാരെയും കുടംബക്കാരെയും കാണുന്നതായിരുന്നു പ്രവാസിയുടെ സ്ഥിരം ശൈലി. ചിലര്‍ക്ക് അവധി കിട്ടുന്നത് രണ്ട് വര്‍ഷത്തിലൊരിക്കല്‍. നാട്ടില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ മാസം കുടുംബത്തോടൊപ്പം കഴിയും. അതിനിടെ വീട് നിര്‍മ്മാണം,വിവാഹങ്ങള്‍ തുടങ്ങിയ നിരവധി തിരക്കുകള്‍. അവധി കഴിയുന്നത് അറിയില്ല. ഈ പതിവ് രീതികളെ മാറ്റി പിടിക്കുകയാണ് ഇപ്പോള്‍ പ്രവാസി മലയാളികള്‍ ചെയ്യുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ജീവിതം അല്‍പ്പം ആസ്വദിക്കാം എന്ന ചിന്ത കൂടുകയാണ്. ചില വര്‍ഷങ്ങളിലെങ്കിലും അവധിക്കാലത്ത് മറ്റൊരു സ്ഥലത്തേക്ക് യാത്ര പോകാന്‍ അവര്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ പേരും പോകുന്നത്. കുടുംബം ഒപ്പമുള്ളവര്‍ അവരെയും കൂട്ടിയാണ് യാത്ര. ബാച്ചിലര്‍മാരായ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്നും യാത്ര നടത്തും.
വിമാന നിരക്കിലെ മാറ്റം
ഗള്‍ഫിലെ അവധിക്കാലമായ ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കൂത്തനെ ഉയരും. പലര്‍ക്കും ഇത് അധികച്ചെലവുണ്ടാക്കുന്നു. ഇതോടെയാണ് ചെലവു കുറഞ്ഞ ടൂറിസ്റ്റ് യാത്രകള്‍ തെരഞ്ഞെടുക്കുന്നത്. ഇതിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് ദുബൈയില്‍ നിന്ന് വിമാന കമ്പനികള്‍ അവധിക്കാലത്ത് പ്രത്യേക പാക്കേജുകളും അവതരിപ്പിക്കുന്നു. ദുബൈയില്‍ നിന്ന് എയര്‍ അറേബ്യ വിയന്നയിലേക്ക് ആരംഭിച്ച പുതിയ വിമാനത്തില്‍ 400 ദിര്‍ഹം മാത്രമാണ് വണ്‍ വേ നിരക്ക്. നാട്ടിലേക്ക് ഒരു ടിക്കറ്റ് കിട്ടാന്‍ 2000 ദിര്‍ഹം ചെലവിടണം. ഗ്രീസ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ടൂറിസ്റ്റ് നഗങ്ങളിലേക്കും എയര്‍ അറേബ്യ കുറഞ്ഞ നിരക്കില്‍ വിമാന സര്‍വ്വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ലഭ്യമാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. നാട്ടിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെക്കാം...യൂറോപ്പ് ഒന്ന് കണ്ടു വരാം.