ഗൂഗിൾ മാപ്പിനു പകരം സ്വന്തം മാപ്പ് അവതരിപ്പിച്ച് ഓല

സേവനം ഉപയോഗപ്പെടുത്താൻ ഓല ആപ്പ് അപ്ഡേറ്റ് ചെയ്യണം

Update:2024-07-06 13:13 IST

ഗൂഗിൾ മാപ്പ് വിനിയോഗിക്കുന്നതിന് കമ്പനിക്ക് ചെലവ് 100 കോടി രൂപ

വാഹനങ്ങള്‍ വാടകയ്ക്ക് സഞ്ചരിക്കാന്‍ ലഭ്യമാക്കുന്ന ആപ്പ് ആയ ഓല ഗൂഗിള്‍ മാപ്പിന് പകരമായി സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് പൂർണ്ണമായും മാറുന്നതായി സി.ഇ.ഒ ഭവിഷ് അഗർവാൾ അറിയിച്ചു. ഗൂഗിൾ മാപ്പ് ഓല സേവനങ്ങളില്‍ വിനിയോഗിക്കുന്നതിന് കമ്പനി പ്രതിവർഷം 100 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്.
എന്നാൽ തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് നീങ്ങിക്കൊണ്ട് ഈ ചെലവ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിച്ചതായും അഗർവാൾ പറഞ്ഞു. ഓല ആപ്പ് പരിശോധിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ആവശ്യമെങ്കിൽ ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
സോളിഡ് സ്റ്റേറ്റ് ബാറ്ററികളുമായി ഓല ഇലക്ടിക്
സോളിഡ് സ്റ്റേറ്റ് ബാറ്ററികളുടെ പരീക്ഷണങ്ങളിലാണ് കമ്പനി ഇപ്പോഴുളളത്. തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനായി നൂതനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ദ്രുത ഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓല ഇലക്ട്രിക് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനും കൂടിയ ഭവിഷ് അഗർവാള്‍ പറഞ്ഞു.
കത്തുന്ന ദ്രാവക ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കുന്ന പരമ്പരാഗത ലിഥിയം-അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ, ദീർഘ ഉപയോഗം, വേഗതയേറിയ ചാർജിംഗ് സമയം എന്നീ പ്രത്യേകതകള്‍ ഉളളതാണ്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ്, സങ്കീർണ്ണമായ നിർമ്മാണ പ്രക്രിയകൾ, ഉയർന്ന ചെലവ് എന്നിവ കാരണം ഈ ബാറ്ററികളുടെ നിര്‍മാണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് ലക്ഷ്യം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓലയുടേത്. അടുത്ത വർഷം ആദ്യത്തോടെ കമ്പനി സ്വന്തമായി വികസിപ്പിച്ച സെല്ലുകൾ സ്കൂട്ടറുകള്‍ക്ക് കരുത്ത് പകരുന്നതിന് അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ തമിഴ്‌നാട്ടിലെ കമ്പനിയുടെ ബാറ്ററി നിര്‍മാണ ഫാക്‌ടറിയിൽ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുക.
ഓല ഇലക്ട്രിക്കിന്റെ ഉപസ്ഥാപനത്തിന്റെ നിയന്ത്രണത്തിലുളള ഈ ഫാക്‌ടറി ഇന്ത്യൻ ഗവൺമെന്‍റിന്റെ ബാറ്ററി നിർമ്മാണ പ്രോത്സാഹന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഉൽപ്പാദന ശേഷി വർധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്.
Tags:    

Similar News