ഒമാന്‍ വിസിറ്റിംഗ് വീസ ഇനി വര്‍ക്ക് വീസ ആക്കാനാകില്ല; പുതിയ നിയമം ഇങ്ങനെ

മലയാളികളടക്കം ധാരാളം പേരാണ് വിസിറ്റിംഗ് വീസയില്‍ ജോലി തേടി ഒമാനിലേക്ക് എത്തുന്നത്

Update:2023-11-02 15:25 IST

ജോലി അന്വേഷിച്ച് വിസിറ്റിംഗ് വീസയിലാണ് പലരും ഒമാനിലേക്ക് എത്തിയിരുന്നത്. പിന്നീട് വിസിറ്റിംഗ് വീസയില്‍ നിന്ന് ജോലി സ്വന്തമാക്കി വര്‍ക്ക് വീസയിലേക്ക് മാറുന്നത് പതിവുണ്ടായിരുന്നു. എന്നാല്‍ ഇനി വര്‍ക്ക് വീസയിലേക്ക് വിസിറ്റിംഗ് വീസ മാറ്റാനാകില്ലെന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പ്.

ബംഗ്ലാദേശികള്‍ക്ക് യാതൊരു തരത്തിലുള്ള വീസയും അനുവദിക്കില്ലെന്നും തീരുമാനമായി. ജോലി തേടി ഒമാനിലേക്കെത്തുന്ന ദക്ഷിണേഷ്യന്‍ രാജ്യക്കാരില്‍ ഏറ്റവുമധികം ബംഗ്ലാദേശികളാണ്. സ്വദേശി വത്കരണമാണ് ഒമാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ തീരുമാനത്തിന് പിന്നില്‍ കുടിയേറിപ്പാര്‍ത്ത ബംഗ്ലാദേശികള്‍

1991ലാണ് ആദ്യമായി 37 ബംഗ്ലാദേശികള്‍ ഒമാനിലേക്ക് എത്തിയത്. ഇത് ഒരു പുതിയ തൊഴില്‍ വിപണിയാണ് ഒമാനില്‍ തുറന്നത്. പിന്നീട് ഇങ്ങോട്ട് 43 വര്‍ഷത്തിനിടയില്‍ ഏകദേശം 18 ലക്ഷം ബംഗ്ലാദേശികള്‍ ഒമാനിലേക്ക് കുടിയേറി, അവരില്‍ 8,00,000 പേര്‍ നിലവില്‍ രാജ്യത്ത് താമസക്കാരുമായി. വിവിധ തൊഴില്‍ ആവശ്യങ്ങള്‍ക്കായി എത്തിയ ബംഗ്ലാദേശികളും അവരുടെ കുടുംബവുമെല്ലാം ചേര്‍ന്ന് വലിയൊരു ജനത തന്നെ നിലവില്‍ ഒമാനിലുണ്ട്. 

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ യാതൊരു തരത്തിലുള്ള വീസയും ബംഗ്ലാദേശികള്‍ക്ക് നല്‍കില്ലെന്നും ഒരു രാജ്യക്കാര്‍ക്കും വിസിറ്റിംഗ് വീസ വര്‍ക്ക് വീസയിലേക്ക് മാറ്റി നല്‍കില്ലെന്നുമാണ് ഒമാന്‍ പോലീസിന്റെ അറിയിപ്പ്.

മലയാളികളടക്കം നിരവധി പേരാണ് വര്‍ക്ക് വീസയ്ക്ക് പകരം വിസിറ്റിംഗ് വീസ എടുത്ത് ഒമാനില്‍ ജോലി തിരയുന്നത്. ഇനി മുതല്‍ വിസിറ്റിംഗ് വീസയിലെത്തി ജോലി കണ്ടെത്തിയാല്‍ അതിനുശേഷം രാജ്യത്ത് നിന്ന് പുറത്തുകടക്കുകയും പിന്നീട് വര്‍ക്ക് വീസയ്ക്ക് അപേക്ഷിച്ച് അത് സ്വന്തമാക്കിയതിന് ശേഷം മാത്രം രാജ്യത്തിലേക്ക് എത്തുകയും ചെയ്യേണ്ടി വരും.

Tags:    

Similar News