സവാള വില പിടിവിട്ട് കുതിക്കാന്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പും കാരണം; വില കൂടിയാലും കുറഞ്ഞാലും ചര്‍ച്ചാവിഷയം
രാജ്യത്ത് സവാള വില അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക്
രാജ്യത്ത് സവാള വില അതിവേഗം ഉയരുകയാണ്. നാലു ദിവസത്തിനിടെ കിലോഗ്രാമിന് 30 രൂപയ്ക്ക് അടുത്താണ് കൂടിയത്. രാജ്യത്തെ സവാള ഉത്പാദനത്തില്‍ മുന്നിലുള്ളത് മഹാരാഷ്ട്രയാണ്. നാസിക്, പൂന എന്നിവിടങ്ങളാണ് സവാളയുടെ കേന്ദ്രം. മുന്‍ വര്‍ഷത്തേക്കാള്‍ ഉത്പാദനത്തില്‍ 25 ശതമാനം കുറവാണ് ഇത്തവണ. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ കൃഷിനാശം ഇതിന് കാരണമായി. വരവ് കുറഞ്ഞതോടെയാണ് വില കൂടാന്‍ തുടങ്ങിയത്.
സാധാരണ സവാള വില ഉയരുമ്പോള്‍ കേന്ദ്രം ഇടപെടുകയാണ് പതിവ്. കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി വില താഴ്ത്തുകയെന്നതാണ് പതിവുരീതി. ഇത്തവണ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ വലിയൊരു ഇടപെടല്‍ നവംബര്‍ 20 വരെ ഉണ്ടാകില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നേരിട്ട തിരിച്ചടിയാണ് ഇതിനു കാരണം.
സവാള പൊളിറ്റിക്‌സ്
ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സവാള വില പിടിച്ചുനിര്‍ത്താന്‍ കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് മഹാരാഷ്ട്രയിലെ സവാള കര്‍ഷകരെ പ്രകോപിപ്പിച്ചു. വിലക്കയറ്റം തടഞ്ഞു നിര്‍ത്തി സാധാരണ വോട്ടര്‍മാരെ സംതൃപ്തരാക്കാനാണ് ശ്രമിച്ചതെങ്കിലും സവാള കര്‍ഷകര്‍ ബി.ജെ.പിയില്‍ നിന്ന് അകലാന്‍ നീക്കം കാരണമായി. ഇത്തവണ വില മൂന്നക്കത്തിലേക്ക് കുതിക്കുമ്പോഴും നിയന്ത്രണത്തിന് കേന്ദ്രം തയാറാകാത്തതിന് കാരണം ഇതാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് മഹാരാഷ്ട്രയില്‍ നേരിട്ട തിരിച്ചടിയാണ്. ബി.ജെ.പിക്ക് വെറും 9 സീറ്റ് മാത്രമാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തു നിന്ന് ലഭിച്ചത്. സവാള, പരുത്തി, സോയാബീന്‍ കര്‍ഷകരുടെ കോപമാണ് അന്ന് തിരിച്ചടിയായത്. ഇത്തവണ സവാള കര്‍ഷകരില്‍ നിന്ന് വലിയ പ്രതിഷേധം ഇല്ലെങ്കിലും പരുത്തി, സോയാബീന്‍ വിലയിടിവ് തലവേദനയാണ്.
കേരളത്തിലും വില കഠിനം
സംസ്ഥാനത്തും സവാള വില പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്കാണ്. മൊത്തവിപണിയില്‍ 75 രൂപയ്ക്ക് മുകളിലായി വില. ചില്ലറ വില 90 അടുത്തേക്ക് എത്താറായി. ദീപാവലി അവധിയായതിനാല്‍ സവോള ലോഡ് എത്താനുള്ള കാലതാമസമാണ് പെട്ടെന്ന് വിലകൂടാനുള്ള മറ്റൊരു കാരണം. മുന്‍ വര്‍ഷങ്ങളിലും സമാന വിലക്കയറ്റം ഇതേ സമയത്ത് അനുഭവപ്പെട്ടിരുന്നുവെന്ന് കച്ചവടക്കാരും പറയുന്നു.