ഓഹരി വിപണിയില്‍ കോടികള്‍ വാഗ്ദാനം, രണ്ട് മാസത്തിനിടെ തട്ടിയത് ₹20 കോടി
കൊച്ചിയിലെ ബിസിനസുകാരന് പോയത് 6 കോടി, ചേര്‍ത്തലയില്‍ 7.75 കോടി
ഓഹരി വിപണിയില്‍ നിന്ന് വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ സജീവം. എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 കോടി രൂപയാണ് വിവിധ കേസുകളിലായി തട്ടിയെടുത്തത്. ഇന്‍ഫോപാര്‍ക്ക്, എറണാകുളം നോര്‍ത്ത്, എറണാകുളം സെന്‍ട്രല്‍, മരട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എസ് ശ്യാമസുന്ദര്‍ പറഞ്ഞു.
കൊച്ചിയിലെ വ്യവസായിക്ക് നഷ്ടം 6 കോടി
വ്യാജ ഓഹരി വിപണി പ്ലാറ്റ്‌ഫോമില്‍ കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് 6 കോടി രൂപ. കൊച്ചിയില്‍ ഐ.ടി കമ്പനി നടത്തുന്നയാളുടെ പക്കല്‍ നിന്നാണ് പണം നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത ഇന്‍ഫോപാര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനില്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞതാണ് ഇയാള്‍ക്ക് വിനയായത്. ശരിക്കുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന് പകരം ചെന്നെത്തിയത് തട്ടിപ്പുകാര്‍ ഒരുക്കിയ കെണിയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ നിക്ഷേപം നടത്തിയ വ്യവസായി പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം മനസിലാകുന്നത്. അഞ്ച് കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. പണം പിന്‍വലിക്കുന്ന സമയത്ത് തട്ടിപ്പുകാര്‍ ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടു. ഇത് നല്‍കി കാത്തിരുന്നെങ്കിലും മുഴുവന്‍ പണവും നഷ്ടമാവുകയായിരുന്നു. തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുത്ത പണം ഇന്ത്യയിലെ വിവിധയിടങ്ങളിലുള്ള 300 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കേരളത്തില്‍ നിന്നടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇത് കേസന്വേഷണത്തെയും വഴിമുട്ടിച്ചു.
പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ തട്ടിച്ചത് 7.55 കോടി
പ്രശസ്തമായ ഒരു ഓഹരി നിക്ഷേപക സ്ഥാപനത്തിന്റെ പേരിലാണ് ചേര്‍ത്തലക്കാരനായ വ്യവസായിക്ക് മുന്നില്‍ തട്ടിപ്പുകാരെത്തിയത്. ആകര്‍ഷകമായ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന ലാഭവും വാഗ്ധാനം ചെയ്തതോടെ വ്യവസായിയും ഫ്‌ളാറ്റ്. ആദ്യം കുറച്ച് പണം നിക്ഷേപിച്ചപ്പോള്‍ വന്‍ലാഭമാണ് തട്ടിപ്പുകാര്‍ ഓഫര്‍ ചെയ്തത്. തുടര്‍ന്ന് 15 കോടി നിക്ഷേപിക്കാന്‍ തട്ടിപ്പുകാരുടെ നിര്‍ബന്ധം ആരംഭിച്ചു. ഇതോടെ വ്യവസായിക്ക് സംശയം തോന്നുകയും കൂടുതല്‍ നിക്ഷേപത്തിനില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ തട്ടിപ്പുകാരുടെ പെരുമാറ്റത്തിലും മാറ്റം വന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ രണ്ട് കോടി രൂപ കൂടി വേണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. തട്ടിപ്പാണെന്ന് മനസിലായ വ്യവസായി ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു.
രണ്ട് മാസം, നഷ്ടമായത് 20 കോടി
രണ്ട് മാസത്തിനിടെ നാല് കേസുകളിലായി എറണാകുളം ജില്ലയില്‍ മാത്രം നഷ്ടമായത് 20 കോടി രൂപയാണ്. ഇതില്‍ ഒരു കോടി രൂപ പൊലീസ് കണ്ടെടുത്തു. മൂന്ന് കോടി തിരികെപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ 12 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയത്. സംസ്ഥാനത്തിന് പുറത്തുള്ള ചില സ്വകാര്യ ബാങ്കിലെ ജീവനക്കാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. നിലവില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമാന കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ഉടന്‍ നിയമിക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.