ജര്‍മനിയില്‍ റെയില്‍പാത നിര്‍മിക്കാന്‍ 4,000 മലയാളികള്‍ക്ക് അവസരം; ശമ്പളം 3 ലക്ഷത്തിന് മുകളില്‍

കേരളത്തില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തുക കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേയ്‌സ്) ആണ്

Update:2024-07-17 11:20 IST

Image: Canva

റെയില്‍വേ പാത നവീകരണവുമായി ബന്ധപ്പെട്ട ബൃഹത് പദ്ധതിയിലേക്ക് തൊഴിലാളികളെ തേടി ജര്‍മന്‍ സംഘം കേരളത്തില്‍. 9,000 കിലോമീറ്റര്‍ റെയില്‍വേ പാത ആധുനിക രീതിയില്‍ നവീകരിക്കാനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ കണ്ടെത്താന്‍ ജര്‍മന്‍ സംഘം തിരുവനന്തപുരത്തെത്തിയത്.
മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയ ജര്‍മന്‍ സംഘം അടുത്ത ഘട്ടത്തില്‍ വീണ്ടുമെത്തും. ജര്‍മന്‍ റെയില്‍വേയുടെ നവീകരണം ഏറ്റെടുത്തത് ഡോയ്ച് ബാന്‍ എന്ന കമ്പനിയാണ്. ഇവര്‍ക്കുവേണ്ടി കേരളത്തില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തുക കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേയ്‌സ്) ആണ്.
ശമ്പളം മൂന്നു ലക്ഷം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 3,500 യൂറോ (3.18 ലക്ഷം രൂപ) ശമ്പളമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും കരാര്‍ ഏറ്റെടുത്ത കമ്പനി നല്‍കും. ആദ്യ ഘട്ടത്തില്‍ മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബി.ടെക്, പോളിടെക്‌നിക്, ഐ.ടി.ഐ കോഴ്‌സുകള്‍ വിജയിച്ച 4,000 പേര്‍ക്കാകും ജോലിസാധ്യത.
ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ അടക്കം പരിശീലനം നല്‍കിയാകും ജര്‍മനിയിലേക്ക് അയയ്ക്കുക. ജര്‍മന്‍ ഭാഷ പഠനത്തിനൊപ്പം കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും നല്‍കും. ജര്‍മനിയില്‍ ട്രെയിനുകള്‍ വൈകിയോടാന്‍ തുടങ്ങിയതോടെയാണ് നവീകരണ പദ്ധതിക്ക് തുടക്കമിട്ടത്.
വാതില്‍ തുറന്നിട്ട് ജര്‍മനി
2035ഓടെ 70 ലക്ഷത്തോളം പേരെ തൊഴിലാളികളായി വേണമെന്നാണ് കണക്ക്. പ്രായമേറുന്ന ജനതയും തൊഴിലാളികളുടെ ക്ഷാമവും ഇപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ ജര്‍മനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ട്രാന്‍സ്പോര്‍ട്ട്, നിര്‍മാണം, ആരോഗ്യം, എന്‍ജിനിയറിംഗ് അടക്കം 70ലേറെ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വിദേശികള്‍ക്ക് ജര്‍മനിയിലേക്ക് ജോലിക്കു വരാനുള്ള നിയമങ്ങള്‍ ജര്‍മനി പരിഷ്‌കരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഓപര്‍ച്യൂണിറ്റി കാര്‍ഡ് ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനായി ജര്‍മനിയില്‍ പ്രവേശിക്കാം.
Tags:    

Similar News