പാലക്കാട് മെഡിസിന്‍, ബൊട്ടാണിക്കല്‍ വ്യവസായത്തിന്റെ രാജ്യത്തെ പ്രധാന ഹബ്ബാകും, പദ്ധതി ഇങ്ങനെ

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍

Update:2024-10-03 11:39 IST

image credit : canva

രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളും വിവിധ സെക്ടറുകളിലെ രാജ്യത്തെ പ്രധാന വ്യവസായ ഹബ്ബുകളാകും. മെഡിസിന്‍സ്, ബൊട്ടാണിക്കല്‍ വ്യവസായത്തിന് പ്രാമുഖ്യം കൊടുക്കുന്നതാണ് പാലക്കാട് സമാര്‍ട്ട് സിറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ആഗ്രയിലെ സ്മാര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത്. പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ ഭക്ഷ്യസംസ്‌ക്കരണം, ലൈറ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ വ്യവസായങ്ങളുടെ കേന്ദ്രമാകുന്നത് ഗയയിലെ സ്മാര്‍ട്ട് സിറ്റിയാണ്. 28,602 കോടി രൂപ ചെലവിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി രാജ്യത്ത് 12 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.

1.5 ലക്ഷം കോടി രൂപ നിക്ഷേപം

12 സ്മാര്‍ട്ട് സിറ്റികളിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഇവിടെ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ജപ്പാന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താത്പര്യമറിയിച്ചിട്ടുണ്ട്. അടുത്ത 15 വര്‍ഷത്തേക്ക് 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) നിക്ഷേപിക്കാമൊന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വാഗ്ദാനം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രോജക്ടുകളുമായി എത്തുന്ന വിദേശ കമ്പനികളെയാണ് സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം നടത്താനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പാലക്കാട് സ്മാര്‍ട്ട് സിറ്റി

അതേസമയം, കേരളത്തിലെ വ്യാവസായിക ചരിത്രത്തില്‍ നിര്‍ണായകമാകുന്ന പാലക്കാട് സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരും ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ കഴിഞ്ഞ ദിവസം പാലക്കാട് ചുള്ളിമടയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി ആയതിനാല്‍ സ്ഥലമേറ്റെടുക്കേണ്ടത് സംസ്ഥാനവും പണം മുടക്കേണ്ടത് കേന്ദ്രവുമാണ്.
പാലക്കാട് പുതുശേരിയിലും പരിസര പ്രദേശത്തുമായി 1,710 ഏക്കര്‍ ഭൂമി 1,789.92 കോടി രൂപ ചെലവിട്ട് കേരളം ഏറ്റെടുത്തിരുന്നു. പുതുശേരി സെന്‍ട്രലില്‍ 1,137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്പ്രയില്‍ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേന്ദ്രവിഹിതം കാലതാമസമില്ലാതെ കിട്ടിയാല്‍ ഏഴ് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബാക്കിയുള്ള 240 ഏക്കര്‍ ഡിസംബറിനുള്ളില്‍ ഏറ്റെടുക്കും.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന എസ്.പി.വി മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. 10,000 കോടി രൂപയുടെ നിക്ഷേപവും ഒരുലക്ഷം പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
Tags:    

Similar News