പാര്‍ലമെന്റ് സമിതിയില്‍ ഹാജരാകാതെ മാധബി ബുച്ച്; ഒഴിഞ്ഞു മാറിയത് വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍
പി.എ.സി യോഗം അനിശ്ചിതമായി മാറ്റിവെച്ചു
ഓഹരി വിപണി ഗവേഷകരായ അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) വിളിച്ച യോഗത്തില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചും ഉദ്യോഗസ്ഥരും ഹാജരായില്ല. ഇതേ തുടര്‍ന്ന് യോഗം അനിശ്ചിതമായി മാറ്റിവെച്ചു.
വ്യക്തിപരമായ കാരണങ്ങളാല്‍ വ്യാഴാഴ്ചത്തെ യോഗത്തിന് എത്താന്‍ കഴിയില്ലെന്ന് മാധബി ബുച്ച് യോഗത്തിന് മണിക്കൂറുകള്‍ മുമ്പു മാത്രം പി.എ.സിയെ അറിയിക്കുകയായിരുന്നു. ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ ഹാജരാകുമെന്നാണ് കരുതിയിരുന്നത്. സെബിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മാധബി ബുച്ചിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി 'പൊരിക്കാന്‍' തയാറെടുത്തു നില്‍ക്കുകയായിരുന്നു പി.എ.സിയിലെ പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍. നേരിടാന്‍ ബി.ജെ.പി എം.പിമാരും തയാറായി നിന്നു. ഇതിനിടയിലാണ് യോഗത്തിന് എത്താതെ മാധബിമാധബി ബുച്ചും ഉദ്യോഗസ്ഥ സംഘവും വിട്ടുനിന്നത്. കോണ്‍ഗ്രസിലെ കെ.സി വേണുഗോപാലാണ് സമിതി അധ്യക്ഷന്‍.