വിമാനത്തിലെ ഓംലെറ്റില്‍ 'പാറ്റ'; യാത്രക്കാരിക്ക് ഭക്ഷ്യവിഷബാധ, നടപടിയുണ്ടാകുമെന്ന് എയര്‍ ഇന്ത്യ
സംഭവം ഡല്‍ഹി-ന്യൂയോര്‍ക്ക് വിമാനത്തില്‍
വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന പരാതി ഗൗരവുമായെടുത്ത് എയര്‍ ഇന്ത്യ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ പരാതിക്കാരിക്ക് ഉറപ്പു നല്‍കി. സെപ്തംബര്‍ 17 ന് ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മകളോടൊപ്പം യാത്ര ചെയ്ത സുയേഷ സാവന്ത് എന്ന യാത്രക്കാരിയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംഭവം പുറത്തു വിട്ടത്. ഭക്ഷണത്തില്‍ പാറ്റ ഇരിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് തനിക്കും മകള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നും സുയേഷ വീഡിയോയില്‍ വ്യക്തമാക്കി.
കുഞ്ഞുമകളുമായി ദുരിതയാത്ര
മാധ്യമപ്രവര്‍ത്തകയായ സുയേഷ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് രണ്ടു വയസുള്ള മകളുമായാണ് യാത്ര ചെയ്തത്. യാത്ര തുടങ്ങി അല്‍പ്പ സമയത്തിനകം വിമാന ജീവനക്കാര്‍ പ്രാതല്‍ നല്‍കി. ഓംലെറ്റ് പകുതിയിലേറെ കഴിച്ചപ്പോഴാണ് അകത്ത് പാറ്റയെ കണ്ടത്. രണ്ടു വയസ്സുള്ള മകള്‍ക്ക് താന്‍ മുലപ്പാല്‍ നല്‍കുന്നുണ്ടെന്നും ഇത്തരം ഭക്ഷണം അകത്തു ചെന്നാന്‍ അത് കുഞ്ഞിനെയും ബാധിക്കുമെന്നും സുയേഷ ചൂണ്ടിക്കാട്ടി. ഭക്ഷണം കഴിച്ച ശേഷം തനിക്ക് വയറുവേദന അനുഭവപ്പെട്ടതായും യാത്രക്കാരി പറഞ്ഞു. ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണ് ഇതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യാത്രയില്‍ ഉടനീളം താനും മകളും ഭക്ഷ്യവിഷബാധയുടെ ദുരിതത്തിലായിരുന്നു. തന്റെ കുടുംബം ഏറെ കാലമായി എയര്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നു. ഈ സംഭവത്തോടെ യാത്ര മറ്റു എയര്‍ലൈനുകളിലേക്ക് മാറ്റും. സുയേഷ പറഞ്ഞു. വീഡിയോ ഉള്‍പ്പടെയുള്ള തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എയര്‍ ഇന്ത്യ, വിമാനത്തിലെ കാറ്ററിംഗ് സേവകരായ താജ്‌സാറ്റ്‌സ്, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. എക്‌സ് പോസ്റ്റില്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെയും ടാഗ് ചെയ്തു.
നടപടിയുണ്ടാകുമെന്ന് എയര്‍ ഇന്ത്യ
സുയേഷ ഉയര്‍ത്തിയ പരാതിയില്‍ ശരിയായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. അന്താരാഷ്ട നിലവാരമുള്ള ഭക്ഷണം നല്‍കുന്ന കാറ്ററിംഗ് കമ്പനിയാണ് എയര്‍ ഇന്ത്യയില്‍ ഭക്ഷണമൊരുക്കുന്നത്. ഗുണനിലവാരം സംബന്ധിച്ച പരിശോധനകള്‍ നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്രത്യേക സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കും. അന്വേഷണം നടത്താന്‍ കാറ്ററിംഗ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകും. എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിനെതിരെ പരാതി ഉയരുന്നത്. ജുണ്‍ മാസത്തില്‍ ബംഗളുരുവില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന വിമാനത്തില്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡിന് സമാനമായ മൂര്‍ച്ഛയുള്ള വസ്തു ലഭിച്ചതായി യാത്രക്കാരന്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിന് ശേഷം പരാതി ശരിയാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാറ്ററിംഗ് കമ്പനിയിലെ പച്ചക്കറി അരിയുന്ന യന്ത്രത്തിന്റെ ഭാഗമായിരുന്നു ഭക്ഷണത്തിലെന്നാണ് അന്ന് കണ്ടെത്തിയത്.