പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ഇനി ബുദ്ധിമുട്ടേണ്ട, എല്ലാ മണ്ഡലങ്ങളിലും സേവാകേന്ദ്രം വരുന്നു
2010ലാണ് രാജ്യത്ത് പാസ്‌പോര്‍ട്ട് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്;
രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവനം ആരംഭിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമാണെന്ന് സിന്ധ്യ വ്യക്തമാക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നീ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പലയിടത്തും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുന്നതിനായി ആളുകള്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
2010ലാണ് രാജ്യത്ത് പാസ്‌പോര്‍ട്ട് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പാസ്‌പോര്‍ട്ട് സേവകേന്ദ്രം വഴിയാണ് നടക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 93 പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളാണുള്ളത്.