വിഴിഞ്ഞം തുറമുഖം; അടുത്ത ഘട്ടങ്ങള്‍ വേഗത്തിലാകും, മോദി വരുമോ? ഉദ്ഘാടനത്തില്‍ അവ്യക്തത തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് തീയതി വൈകുന്നതെന്നാണ് വിവരം;

Update:2025-01-13 17:15 IST

image credit : VISIL , PMO India Representational Image 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തിലാകും. പദ്ധതിക്ക് വേണ്ട പാരിസ്ഥിതിക അനുമതി, തീരദേശ സംരക്ഷണ നിയമം സംബന്ധിച്ച അനുമതി എന്നിവ ലഭ്യമാക്കാന്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി (കെ.സി.ഇസഡ്.എം.എ) ശുപാര്‍ശ നല്‍കി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വിദഗ്ധ കമ്മിറ്റിയുടെ പബ്ലിക് ഹിയറിംഗാണ് ഇനി ബാക്കിയുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ ആവശ്യമായ അനുമതികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒന്നാം ഘട്ടം വിജയം

ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖം ഡിസംബര്‍ മൂന്ന് മുതല്‍ വാണിജ്യ തുറമുഖമാണ്. നിലവില്‍ മിക്ക ദിവസങ്ങളിലും രണ്ടിലധികം കപ്പലുകള്‍ തുറമുഖത്തെത്തുന്നുണ്ട്. ഇത് തുറമുഖത്തെ തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ ബ്രേക്ക് വാട്ടര്‍ ഒരു കിലോമീറ്ററായി വര്‍ധിപ്പിക്കാനാണ് പദ്ധതി. തുറമുഖത്തിന്റെ ശേഷി 30 ലക്ഷം ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റായി (ടി.ഇ.യു) വര്‍ധിപ്പിക്കുകയും ചെയ്യും. 9,540 കോടി രൂപയാണ് ചെലവ് വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോട 10,000 കോടി രൂപയുടെ അധിക നിക്ഷേപം തുറമുഖത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ തുറമുഖത്ത് നിന്നുള്ള ജി.എസ്.ടി വരുമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. 2034 മുതല്‍ വരുമാന വിഹിതവും ലഭിച്ചു തുടങ്ങും.
നേരത്തെ 2045ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028ല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് നിലവിലെ പദ്ധതി. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പാരിസ്ഥിതിക അനുമതി ലഭിച്ചാലേ നിര്‍മാണം തുടങ്ങാന്‍ കഴിയൂ. ഇതിനായി സംസ്ഥാന സര്‍ക്കാരും തുറമുഖത്തിന്റെ നിര്‍മാണ ചുമതലയുള്ള അദാനി ഗ്രൂപ്പും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്നും രണ്ടുമാസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ നിര്‍മാണം അതിവേഗത്തിലാക്കാം എന്നാണ് അദാനി ഗ്രൂപ്പിന്റെയും പ്രതീക്ഷ.

ഉദ്ഘാടനത്തില്‍ തീരുമാനമായില്ല

അതേസമയം, വാണിജ്യ തുറമുഖമായി പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് തീയതി വൈകുന്നതെന്നാണ് വിവരം. ഡിസംബറില്‍ ഉദ്ഘാടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്ലാതെ തന്നെ തുറമുഖത്ത് വാണിജ്യ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Tags:    

Similar News