അവധിയെടുക്കുന്നവരെ വിളിച്ച് ശല്യപ്പെടുത്തിയാല്‍ ഈ കമ്പനിയില്‍ 1 ലക്ഷം രൂപ പിഴ!

ഒരാഴ്ചത്തേക്ക് ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്‌

Update:2022-12-28 16:49 IST

അവധിയെടുത്ത് വീട്ടിലിരിക്കുമ്പോഴും ജോലി സംബന്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് സ്വകാര്യ മേഖലയില്‍ സാധരണമാണ്. മീറ്റിംഗും, ഇ-മെയില്‍ മറുപടിയുമൊക്കെയായി പൂര്‍ണമായി ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ അവധിയെടുക്കുന്നവരെ ഓഫീസ് കാര്യങ്ങളുടെ പേരില്‍ ശല്യം ചെയ്യുന്ന സഹജീവനക്കാര്‍ക്ക് പിഴ നല്‍കുന്ന ഒരു ഇന്ത്യന്‍ കമ്പനിയുണ്ട്. ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം11 (Dream Sports).

ഡ്രീം11 അണ്‍പ്ലഗ് പോളിസി

ഒരു വര്‍ഷം തികച്ച ജീവനക്കാര്‍ക്കായി ഈ വര്‍ഷം ആദ്യം ഡ്രീം11 (Dream11) അവതരിപ്പിച്ച പോളിസിയാണ് അണ്‍പ്ലഗ്. ഈ പോളിസി പ്രകാരം ഒരാഴ്ചത്തേക്ക് ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാം. ഇക്കാലയളവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകള്‍ക്കോ, ഇമെയിലുകള്‍ക്കോ ഒന്നിനും മറുപടി നല്‍കേണ്ടതില്ല. ഇത്തരത്തിലുള്ള അവധി ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത, മാനിസികാവസ്ഥ, ജീവിതനിലവാരം തുടങ്ങിയവ മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

അണ്‍പ്ലഗ് പോളിസി പ്രകാരം അവധിയെടുക്കുന്നവരെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കുന്നവരില്‍ നിന്ന് കമ്പനി ഒരു ലക്ഷം രൂപ പിഴ ഈടാക്കാറുണ്ടെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹര്‍ഷ് ജെയിന്‍ , ഭവിത് സേത് എന്നിവര്‍ ചേര്‍ന്ന് 2008ല്‍ ആണ് ഡ്രീം11 സ്ഥാപിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ചുരുക്കം യുണീകോണ്‍ കമ്പനികളിലൊന്നാണ് ഡ്രീം11. പ്രതിമാസം 10 മില്യണോളം സജീവ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

Tags:    

Similar News