മിന്നല്‍ വിതരണക്കാര്‍ ചെറുകിട വ്യാപാരികള്‍ക്ക് വമ്പന്‍ ഭീഷണി: ഏഷ്യയിലെ ധനിക ബാങ്കറുടെ അഭിപ്രായമിങ്ങനെ
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മിന്നല്‍ വിതരണക്കാര്‍ ഇന്ത്യയില്‍ മാത്രമാണ് വിജയിച്ചതെന്നും ഉദയ് കോട്ടക്ക്
അതിവേഗ ഡെലിവറി സാധ്യമാക്കുന്ന ക്വിക്ക് കൊമേഴ്‌സ് (ക്യൂ കോം) സംരംഭങ്ങള്‍ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് ഭീഷണിയാണെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ കോട്ടക്ക് സെക്യൂരിറ്റീസ് ചെയര്‍മാന്‍ ഉദയ് കോട്ടക്ക്. ഈ പ്രതിസന്ധി അധികം വൈകാതെ രാഷ്ട്രീയ വിഷയമായി മാറുമെന്നും ഒരു ദേശീയ വാര്‍ത്താ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്വി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ ബാങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് ഉദയ് . കോട്ടക്ക്
അതേസമയം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിവേഗ ഡെലിവറി സംരംഭങ്ങള്‍ ഇന്ത്യയില്‍ മാത്രമാണ് വിജയിച്ചതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ സംരംഭങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതിന് തെളിവാണിത്. എന്നാല്‍ ആപ്പിള്‍, മെറ്റ പോലുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് സംരംഭകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബിസിനസ് രംഗം കൂടുതല്‍ മത്സരാധിഷ്ഠിതവും സ്വതന്ത്രവുമാകണമെന്നും ഉദയ് ചൂണ്ടിക്കാട്ടി.
ക്രിപ്‌റ്റോയില്‍ വിശ്വാസമില്ല
അതിനിടെ ക്രിപ്‌റ്റോ കറന്‍സികളില്‍ തനിക്ക് വിശ്വാസമില്ലെന്ന തരത്തില്‍ ഉദയ് കോട്ടക്ക് നടത്തിയ പരാമര്‍ശം പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ വിശ്വസിക്കുന്നില്ലെന്നും ഇത്തരം കോയിനുകള്‍ വാങ്ങാന്‍ തോന്നാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യു.സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വിജയത്തിന് പിന്നാലെ ബിറ്റ് കോയിന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കയറിയതിന് പിന്നാലെയാണ് ഉദയ് കോട്ടക്കിന്റെ പരാമര്‍ശം.