പെപ്‌സിക്കോയുടെ ഉരുക്കുവനിത പടിയിറങ്ങുന്നു

Update: 2018-08-07 04:33 GMT

പെപ്‌സിക്കോയെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനുശേഷം കമ്പനിയുടെ ഉരുക്കുവനിത ഇന്ദ്രാ നൂയി അധികാരത്തില്‍ നിന്ന് പടിയിറങ്ങുന്നു. നിലവില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ഇന്ദ്രാ നൂയി 24 വര്‍ഷമാണ് പെപ്‌സിക്കോയില്‍ സേവനമനുഷ്ഠിച്ചത്. ഇതില്‍ 12 വര്‍ഷം സി.ഇ.ഒ ആയിരുന്നു.

റമോൺ ലഗ്വാർട്ടയായിരിക്കും പുതിയ സി.ഇ.ഒ. ''സമ്മിശ്രമായ വികാരമാണ് എന്റെ മനസില്‍. കഴിഞ്ഞ 24 വര്‍ഷമായി എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു പെപ്‌സിക്കോ. അത് അങ്ങനെ തന്നെ തുടരും. ഇതുവരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുമുണ്ട്.'' ഇന്ദ്രാ നൂയി ട്വീറ്റ് ചെയ്തു.

ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ആഗോളതലത്തില്‍ ഉന്നത പദവിയിലേക്കുയര്‍ന്ന നൂയി നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏത് പദവിയും അകലെയല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. യുവത്വത്തിന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ നൂയി പ്രചോദനമായി. ഇന്ത്യയില്‍ നിന്നുവന്ന തനിക്ക് ഇത്രയും വലിയൊരു കമ്പനിയുടെ ഭാഗമാവാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് 62 വയസുകാരിയായ നൂയി വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. സ്ഥാനമൊഴിഞ്ഞാലും അധികാരകൈമാറ്റം പൂര്‍ത്തിയാകുന്ന 2019 ആദ്യം വരെ നൂയി ഇപ്പോഴത്തെ സ്ഥാനത്ത് തന്നെ തുടരും.

Similar News