ഇന്ത്യയിലെ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍
ഇന്ത്യയില്‍ കോവിഡ് അതിതീവ്രമായ സാഹചര്യത്തില്‍ 510 കോടി രൂപയുടെ മരുന്നുകള്‍ ഫൈസര്‍ ഇന്ത്യക്ക് നല്‍കും
ആഗോള ഫാര്‍മ വമ്പന്മാരായ ഫൈസര്‍ ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ ഉടന്‍ ഇന്ത്യയില്‍ ലഭ്യമായേക്കും. ഇതിന്റെ മുന്നോടിയായി ഫൈസര്‍ ബയോടെക്കിന്റെ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ ബൗര്‍ല പറഞ്ഞു.
ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ലാഭച്ഛേയില്ലാതെ വാക്‌സിനുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും ഫൈസര്‍ നേരത്തെ പറഞ്ഞിരുന്നു.
'നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ വാക്‌സിന്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പേ ഇതിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഫൈസര്‍ ബയോടെക് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അടിയന്തര അനുമതിക്കായി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്' ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ കോവിഡ് അതിതീവ്രമായ സാഹചര്യത്തില്‍ 510 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യക്ക് നല്‍കുമെന്നും ഫൈസര്‍ മേധാവി അറിയിച്ചു. മരുന്നുകള്‍ ആവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാരുമായും സന്നദ്ധസംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ഫൈസര്‍ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കുക.