മോദി-യു.എസ് മെഗാ പരിപാടിക്ക് ഒരുങ്ങി ന്യൂയോർക്ക്
മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രിക്ക് സുപ്രധാന പരിപാടികൾ
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു ദിവസം അമേരിക്കയിൽ. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും അനുബന്ധ പരിപാടികൾക്കുമായി ശനിയാഴ്ച രാവിലെയാണ് നരേന്ദ്രമോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഐക്യരാഷ്ട്ര സഭ ചർച്ചകളിലും നിരവധി ഉന്നതതല യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. പ്രമുഖ വ്യവസായ നേതാക്കളെയും കാണും. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നീ രാഷ്ട്ര നേതാക്കളുടെ സുരക്ഷാകാര്യ കൂട്ടായ്മയാണ് ക്വാഡ് എന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
ഞായറാഴ്ച ന്യൂയോർക്കിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുന്ന മോദി-യു.എസ് മെഗാ പരിപാടിക്കുള്ള ഒരുക്കത്തിലാണ് ന്യൂയോർക്ക്. 13,000 പേർക്ക് ഇരിപ്പിടമുള്ള പരിപാടിയിലേക്ക് 25,000 പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 40 സംസ്ഥാനങ്ങളിലെ 500ൽപരം സംഘടനകളുടെ പ്രതിനിധികളാണ് ഒത്തുചേരുന്നത്. രണ്ടു സ്റ്റേജുകളിലായി ചന്ദ്രിക ടാൻഡൺ, ഐശ്വര്യ മജുംദാർ, റിക്കി പോണ്ട്, റെക്സ് ഡിസൂസ എന്നിവരടക്കം 400ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയും അരങ്ങേറും. 85 ടെലിവിഷൻ ചാനലുകളിൽ നിന്നായി 150ഓളം മാധ്യമ പ്രവർത്തകർ.