മോദിയുടെ ആസ്തിയില്‍ വര്‍ധന അമിത്ഷായുടേത് കുറഞ്ഞു

Update: 2020-10-15 10:47 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ ഈ വര്‍ഷം വര്‍ധന. അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തിരിച്ചടി നല്‍കിയതോടെ അമിത് ഷായുടെ ആസ്തി മൂല്യം കുറഞ്ഞു.

ആസ്തി വെളിപ്പെടുത്തിലിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണിത്. ഈ വര്‍ഷം ജൂണ്‍ 30 ലെ കണക്കു പ്രകാരം പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 36 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. 2.85 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള ആകെ ആസ്തി. കഴിഞ്ഞ വര്‍ഷം 2.49 കോടി രൂപയായിരുന്നു.
3.3 ലക്ഷം രൂപ ബാങ്ക് നിക്ഷേപ ഇനത്തിലും 33 ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടമായും ആണ് വര്‍ധിച്ചിരിക്കുന്നത്. 1.75 കോടി രൂപയുടെ ജംഗമ വസ്തുക്കളാണ് പ്രധാനമന്ത്രിക്കുള്ളത്. 31450 രൂപ കൈയില്‍ പണമായും ഗാന്ധിനഗറിലെ എസ്ബിഐ ശാഖയിലെ എക്കൗണ്ടില്‍ 3.38 ലക്ഷം രൂപയുമുണ്ട്. കൂടാതെ സ്ഥിരനിക്ഷേപങ്ങളായി 1.6 കോടി രൂപയും. 84.3 ലക്ഷം രൂപയുടെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയും 20000 രൂപ വിലമതിക്കുന്ന ഇന്‍ഫ്രാ ബോണ്ടുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. എവിടെയും വായ്പയില്ല. സ്വന്തം പേരില്‍ വാഹനവുമില്ല. 45 ഗ്രാം തൂക്കം വരുന്ന നാല് സ്വര്‍ണമോതിരങ്ങളാണ് മറ്റൊരു സമ്പാദ്യം. ഇതിന്റെ മൂല്യം 1.45 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മറ്റു മൂന്നു പേര്‍ക്ക് കൂടി ഉടമസ്ഥാവകാശമുള്ള 3531 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലം കൂടി നരേന്ദ്ര മോദിയുടെ പേരിലുണ്ട്. 1.3 കോടി രൂപയാണ് ഇതിന്റെ മൂല്യം.

ഗുജറാത്തിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള അമിത് ഷായുടെ ആസ്തിയില്‍ 3.7 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്. 32.3 കോടി രൂപയില്‍ നിന്ന് ആഭ്യന്ത്രമന്ത്രിയുടെ ആസ്തി 28.63 കോടി രൂപയായാണ് കുറഞ്ഞത്.

ഗുജറാത്തില്‍ സ്വന്തമായുള്ള സ്വത്തു വകകളുടെ മൂല്യം 13.56 കോടി രൂപയാണ്. 15814 രൂപ കൈയിലുമുണ്ട്. 1.04 കോടി രൂപ ബാങ്ക് ബാലന്‍സും 44.42 ലക്ഷത്തിന്റെ ആഭരണങ്ങളുമുണ്ട്. 16 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പോളിസികളുടെയും പെന്‍ഷന്‍ പോളിസികളുടെയും മൂല്യം.

പാരമ്പര്യമായി ലഭിച്ചതടക്കം 12.5 കോടി രൂപയുടെ വിവിധ ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. കഴിഞ്ഞ വര്‍ഷം 17.9 കോടി രൂപയുണ്ടായിരുന്നത് ഇത്തവണ മൂല്യം ഇടിയുകയായിരുന്നു. 17.77 ലക്ഷം രൂപ കടമുണ്ട് അമിതാഷായ്ക്ക് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ സോണാല്‍ അമിത്ഷായുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 8.53 കോടി രൂപയില്‍ നിന്ന് 9 കോടി രൂപയായി വര്‍ധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News