ബംഗ്ലാദേശ് പ്രതിസന്ധി അദാനിയെ ബാധിക്കുന്നത് ഇങ്ങനെ

അദാനി പവറിന്റെ നിലവിലെ കടബാധ്യത 25,653 കോടിയില്‍പരം രൂപ

Update:2024-08-06 15:19 IST
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യന്‍ വസ്ത്രനിര്‍മാണ മേഖലക്ക് നല്‍കുന്നത് പ്രതീക്ഷയാണെങ്കില്‍, വ്യവസായ രംഗത്തെ അതികായന്‍ ഗൗതം അദാനിക്ക് സമ്മാനിക്കുന്നത് നിരാശ. ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണ പദ്ധതിക്ക് പുതിയ സാഹചര്യങ്ങള്‍ ദോഷം ചെയ്യുമോ എന്ന ആശങ്കയിലാണ് അദാനി പവര്‍ ലിമിറ്റഡ്. ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വൈദ്യുതി വിതരണ പദ്ധതിയാണ് കരിനിഴലിലായത്.
ബംഗ്ലാദേശ് ഊര്‍ജ വികസന ബോര്‍ഡുമായി 25 വര്‍ഷത്തെ വൈദ്യുതി വില്‍പന കരാറിലാണ് അദാനി പവര്‍ കമ്പനി ഒപ്പുവെച്ചത്. 2017ലായിരുന്നു ഇത്. ഝാര്‍ഖണ്ഡിലെ ഗോഡ പ്ലാന്റില്‍ നിന്ന് 1,496 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിനാണ് കരാര്‍. ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും മറ്റൊരു രാജ്യത്തിന് വില്‍ക്കുന്ന ഇന്ത്യയിലെ ഏക പ്ലാന്റും ഇതു തന്നെ. 2023ല്‍ കമീഷന്‍ ചെയ്തതു മുതല്‍ വൈദ്യുതി നല്‍കിവരുന്നുമുണ്ട്.
രാഷ്ട്രീയ പ്രതിസന്ധി ഊര്‍ജാവശ്യം കുറക്കുമോ?
ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നു കരുതി ആ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന് കുറവു വരുന്നില്ലെന്നും അതുകൊണ്ട് പ്രശ്‌നങ്ങളില്ലെന്നും അദാനി പവര്‍ കമ്പനി അധികൃതര്‍ കണക്കു കൂട്ടുന്നു. കരാര്‍ പ്രകാരം സമയബന്ധിതമായി വൈദ്യുതി വിതരണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ മറ്റൊരു കാര്യം ബാക്കിയുണ്ട്. 40 കോടി ഡോളര്‍ വരുന്ന നാലു മാസത്തെ കുടിശിക ഇനിയും ബംഗ്ലാദേശ് ഊര്‍ജ വികസന ബോര്‍ഡ് കൊടുത്തു തീര്‍ക്കാനുണ്ട്. ശരാശരി 10 കോടി ഡോളറിന്‍േറതാണ് പ്രതിമാസ ബില്‍. രാഷ്ട്രീയ അസ്ഥിരതക്കു പിന്നാലെ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട സാമ്പത്തിക ഞെരുക്കം ബില്‍ യഥാസമയം കൊടുത്തു തീര്‍ക്കുന്നതിന് തടസമുണ്ടാക്കിയെന്നു വരാം. കരാര്‍ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെങ്കില്‍ അത് ഗോഡ പ്ലാന്റിന്റെ നിലനില്‍പിനെ ബാധിച്ചെന്നു വരും. ജൂണ്‍ 30ലെ കണക്കു പ്രകാരം അദാനി പവറിന്റെ ആകെ കടബാധ്യത 25,653 കോടി രൂപയാണ്.
Tags:    

Similar News