മലയാളികള്‍ ഉറ്റുനോക്കുന്നുണ്ട് ബ്രിട്ടനിലേക്ക്; ഭരണമാറ്റം എങ്ങനെ ബാധിക്കും?

വിദ്യാര്‍ഥികള്‍ അടക്കം ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയും അവസരങ്ങളും നല്‍കാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിക്കുമോ?

Update:2024-07-05 13:42 IST

image credit : canva

യു.കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ തോല്‍പിച്ച് ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കുമ്പോള്‍ ഇന്ത്യയേയും ബ്രിട്ടനിലെ ഇന്ത്യക്കാരെയും അത് എങ്ങനെയൊക്കെ ബാധിക്കും?
വിദ്യാര്‍ഥികളടക്കം വിദേശങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് ആകര്‍ഷകമായൊരു ഇടമല്ല ഇന്ന് യു.കെ. എന്നു മാത്രമല്ല, അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കൂടി വരുകയുമാണ്. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച സൃഷ്ടിച്ച ഒരു കൂട്ടം പ്രതിസന്ധികളാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അതിനിടയില്‍ നടന്ന തെരഞ്ഞെടുപ്പും ഭരണമാറ്റവും നിലവിലെ സ്ഥിതിയില്‍ പൊടുന്നനെ മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരായ പ്രവാസികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ലേബര്‍ പാര്‍ട്ടിയിലേക്കുള്ള അധികാര കൈമാറ്റത്തിന് കഴിയില്ല. എന്നാല്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് മുന്‍കാല സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ കൂടുതല്‍ സ്വീകാര്യം, ഇ്‌പ്പോള്‍ അധികാരത്തില്‍ വന്നിരിക്കുന്ന ലേബര്‍ പാര്‍ട്ടി തന്നെ. ഇന്ത്യന്‍ വംശജനായ ഋഷി സുനക് നയിച്ച ഭരണകൂടത്തിന് ഇന്ത്യയേയോ പ്രവാസികളെയോ നിരാശപ്പെടുത്തിയെന്ന് അതിനര്‍ഥമില്ല.

ഇന്ത്യന്‍ സമൂഹത്തിന്റെ തിരിച്ചറിവുകള്‍

ഇന്ത്യന്‍ വംശജന്‍ അധികാരത്തിലേറിയപ്പോള്‍ ആഘോഷിച്ച ഇന്ത്യന്‍ സമൂഹം ഇന്ന് മറ്റൊരു തിരിച്ചറിവിലാണ്. യു.കെയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിയാണ് ഇന്ത്യന്‍ വംശജനായ സുനകും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഏറ്റുവാങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതില്‍ തെളിഞ്ഞു കണ്ട അമിത പ്രതീക്ഷ അസ്ഥാനത്താക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. പല കാരണങ്ങളാല്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരാണ് ബ്രിട്ടനിലെ സാഹചര്യങ്ങള്‍. മോശമായ സാമ്പത്തിക രംഗം തന്നെ ജനവികാരത്തെ സ്വാധീനിക്കുന്നു.

ഇമിഗ്രേഷന്‍ കാര്യങ്ങളില്‍ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്ക് ഏതാണ്ട് ഒരു നയം തന്നെയാണെന്നു കാണാം. ഇമിഗ്രേഷന്‍ നിയന്ത്രിക്കുമെന്നാണ് രണ്ട് പാര്‍ട്ടികളുടെയും നിലപാട്. സേവന മേഖലയിലുള്ളവര്‍ക്ക് താല്‍ക്കാലിക വിസ കൂടുതലായി അനുവദിക്കണമെന്ന ആവശ്യം ഇന്ത്യ ഉയര്‍ത്തുമ്പോള്‍ തന്നെയാണിത്. യു.കെയുടെ തൊഴില്‍ വിപണിയില്‍ വിദഗ്ധരായ പ്രഫഷണലുകള്‍ക്ക് വര്‍ധിച്ച ഇടം ലഭിക്കണമെന്ന താല്‍പര്യം ഇന്ത്യക്കുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റം പ്രതീക്ഷിക്കാനില്ല. ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
14 വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യത്തെ ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയാകും കെയര്‍ സ്റ്റാര്‍മര്‍. ഇന്ത്യയുമായി പ്രതിരോധ, സുരക്ഷ മേഖലകളില്‍ പുതിയ പങ്കാളിത്തം സ്ഥാപിക്കുമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ) യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമിക്കുമെന്നാണ് മറ്റൊരു വാക്ക്. എന്നാല്‍ 3,800 കോടി പൗണ്ടിന്റെ വാര്‍ഷിക വ്യാപാരം ലക്ഷ്യമിടുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടി 2022ല്‍ തുടങ്ങിയ ശ്രമങ്ങള്‍ 13 വട്ടം ചര്‍ച്ച നടന്നതല്ലാതെ എങ്ങുമെത്തിയിട്ടില്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ, കാലാവസ്ഥ മാറ്റം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Tags:    

Similar News