പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടില്‍; സഹായ പ്രഖ്യാപനം കാത്ത് കേരളം
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും
ഉരുള്‍പൊട്ടലില്‍ നാനൂറിലേറെ പേര്‍ക്ക് ജീവനാഹി സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച എത്തുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് സഹായ പ്രഖ്യാപനം. ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുടെ പുനര്‍ നിര്‍മാണം വലിയ വെല്ലുവിളിയായാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷികൊണ്ടോ ജനങ്ങളുടെ സഹകരണം കൊണ്ടോ മാത്രം പുനര്‍നിര്‍മ്മാണം പൂര്‍ണമാകില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്യമായ സഹായമുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ദുരന്തമുണ്ടായ സമയം മുതല്‍ കേന്ദ്രസേനയുടെ സഹായങ്ങള്‍ ഉള്‍പ്പടെ ലഭിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനും സംതൃപ്തിയുണ്ട്. അതേസമയം, കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകും.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച വയനാട്ടിലെത്തുമ്പോള്‍ പ്രധാനമന്ത്രി നിര്‍ണ്ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വിമാന മാര്‍ഗ്ഗം കണ്ണൂരില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളും വീടുകള്‍ നഷ്ടപ്പെട്ടവരെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.