ഷോപ്പിംഗിനും ലണ്ടനിലേക്ക്, പ്രൈവറ്റ് ജെറ്റുകള്‍ക്ക് വന്‍ ഡിമാന്റ്
ആകര്‍ഷണം സ്വകാര്യ യാത്ര
ഒരു ഷോപ്പിംഗ് നടത്താന്‍ വിമാനം വാടകക്കെടുത്ത് ലണ്ടന്‍ വരെ പോയാലോ?
ഇതു കേട്ടാല്‍ നമ്മള്‍ ഒന്ന് അതിശയിക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസുകാരും ഉന്നത കുടുംബങ്ങളും ഒരാഴ്ചത്തെ ഷോപ്പിംഗിന് വേണ്ടി ലണ്ടനിലും പാരീസിലുമൊക്കെ ചെറുവിമാനങ്ങള്‍ വാടകക്കെടുത്ത് പോകുന്ന ശീലം വര്‍ധിക്കുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ പ്രൈവറ്റ് ജെറ്റ് റെന്റല്‍ ബിസിനസും ഇതോടൊപ്പം വളരുന്നു.
ഷോപ്പിംഗ് മുതല്‍ ടൂറിസം വരെ
ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ ഫാമിലി ടൂറുകള്‍ക്കും വിദേശ നഗരങ്ങളിലെ ഷോപ്പിംഗിനും പ്രൈവറ്റ് ജെറ്റുകള്‍ ഉപയോഗിക്കുന്നത് കൂടി വരികയാണ്. സ്വന്തമായി ജെറ്റ് വിമാനങ്ങളുള്ള നിരവധി ബിസിനസുകാരും ധനിക കുടുംബങ്ങളുമുണ്ട്. അതോടൊപ്പം മിക്ക ഗള്‍ഫ് നാടുകളിലും പ്രൈവറ്റ് ജെറ്റ് റെന്റല്‍ കമ്പനികള്‍ നിരവധിയുണ്ട്. ഇവരുടെ ബിസിനസും ദിനം പ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍.
അബുദാബിയില്‍ നിന്ന് ഒട്ടേറെ പേരാണ് ലണ്ടനില്‍ ഷോപ്പിംഗ് നടത്താന്‍ വേണ്ടി മാത്രം പോയി തിരിച്ചു വരുന്നത്. ദുബൈയില്‍ നിന്ന് മാലി ദ്വീപിലേക്ക് ജെറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത് ടൂറിസ്റ്റുകളായി പോകുന്നവരും ഒട്ടേറെയുണ്ട്. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് പാരീസിലേക്കാണ് സജീവമായ റൂട്ട്. ബിസിനസ് മീറ്റിംഗുകള്‍, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ചെറുവിമാനങ്ങള്‍ കൂടുതലും പറക്കുന്നത്.
പണമുണ്ടെങ്കില്‍ സൗകര്യങ്ങള്‍ ഏറെ
അബുദാബിയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ദിവസത്തേക്ക് കുറഞ്ഞത് 50000 ദിര്‍ഹം (പന്ത്രണ്ട് ലക്ഷത്തോളം രൂപ) ആണ് പ്രൈവറ്റ് ജെറ്റ് കമ്പനികള്‍ ഈടാക്കുന്നത്. ഇത്രയും പണം ചെലവിടുമ്പോള്‍ ലഭിക്കുന്നത് ഒട്ടേറെ സൗകര്യങ്ങളാണ്. സ്വകാര്യത ഏറെയുള്ള എക്‌സ്‌ക്ലൂസീവ് യാത്രകളാണ് പ്രൈവറ്റ് ജെറ്റുകളുടെ ആകര്‍ഷണം. പാസഞ്ചര്‍ ഫ്‌ളൈറ്റ് പോലെ അപരിചിതര്‍ കൂടെയുണ്ടാകില്ല. ഒരു കമ്പനിയുടെ ഉടമകളും എക്‌സിക്യൂട്ടീവുകളും മാത്രമായി യാത്ര ചെയ്യുന്നു; ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാത്രം യാത്ര ചെയ്യുന്നു.
സമയ ലാഭമാണ് ബിസിനസുകാരെ ജെറ്റ് റെന്റിംഗിന് പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. വിമാനത്താവളങ്ങളില്‍ കാത്തിരുന്ന് സമയം പാഴാവില്ല. നിശ്ചിത സമയങ്ങളില്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താം. യാത്രകള്‍ പെട്ടെന്ന് മാറ്റിവെക്കാനും എളുപ്പം.
വളരുന്ന ജെറ്റ് റെന്റല്‍ മേഖല
രാജ്യങ്ങള്‍ക്കിടയില്‍ ബിസിനസുകള്‍ വര്‍ധിക്കുകയും സമൂഹത്തിലെ ഉപരിവര്‍ഗം വിനോദം തേടി അതിര്‍ത്തികള്‍ കടന്നു പോകുകയും ചെയ്തതോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രൈവറ്റ് ജെറ്റ് റെന്റല്‍ ബിസിനസ് കുതിച്ചു വളര്‍ന്നത്. 566 മില്യണ്‍ ഡോളറാണ് (4700 കോടി രൂപ) മിഡില്‍ ഈസ്റ്റിലെ ജെറ്റ് റെന്റല്‍ മാര്‍ക്കറ്റിന്റെ മൂല്യം. ഇത് 2029 ആകുമ്പോഴേക്കും 943 മില്യണ്‍ ഡോളറായി വരുമെന്നാണ് കണക്കാക്കുന്നത്. എല്ലാവര്‍ഷവും മുപ്പത് ശതമാനത്തിലേറെ വളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുന്നുണ്ട്.