എല്‍.പി.ജി ബയോമെട്രിക് മസ്റ്ററിങ് ചെയ്യുന്നതിനുളള നടപടികള്‍ അറിയൂ

മസ്റ്ററിങ്ങിന്റെ ലക്ഷ്യം വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയുക

Update:2024-07-11 10:48 IST
ആധാർ വിവരങ്ങൾ എൽ.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഇലക്ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്. ഉപയോക്താക്കള്‍ക്ക് ഗ്യാസ് ഏജന്‍സികളില്‍ നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗിലൂടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകള്‍ ഉപയോക്താക്കളുടെ പക്കല്‍ ആവശ്യമാണ്. എൽ.പി.ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപയോക്താവിന് തന്നെയാണോ നല്‍കിയിരിക്കുന്നത് എന്ന് ഉറപ്പാക്കാനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയിട്ടുളളത്.
മസ്റ്ററിങ്ങിന്റെ നടപടിക്രമങ്ങള്‍
1. 
ഉപയോക്താവിന്റെ
 വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്കാന്‍ ചെയ്യാനുമുളള ബയോമെട്രിക് ഉപകരണങ്ങള്‍ ഗ്യാസ് ഏജന്‍സികളില്‍ സജ്ജീകരിച്ചിട്ടുണ്ടാകും.
2. ആവശ്യമുളള രേഖകളുമായി ഉപയോക്താവ് ഗ്യാസ് ഏജന്‍സികളില്‍ എത്തേണ്ടതാണ്.
3. ഏജന്‍സി ഓഫീസിലെത്തിയ ശേഷം ഉപയോക്താക്കള്‍ ബയോ മെട്രിക് അടയാളങ്ങള്‍ നല്‍കുക.
4. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇ.കൈ.വൈ.സി അപ്ഡേറ്റായി എന്ന സന്ദേശം ലഭിക്കുന്നതാണ്.
5. ഗ്യാസ് ഏജന്‍സികളില്‍ നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിങ് നടത്താവുന്നതാണ്. ഇതിനായി കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. 
ചില മൊബൈല്‍ ഫോണുകളില്‍ ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രശ്നവും 
ഉപയോക്താക്കള്‍ നേരിടുന്നുണ്ട്. മസ്റ്ററിങ് ശരിയായിയാണ് നടത്തിയിട്ടുളളത് എങ്കില്‍ ഉപയോക്താവിന് മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.
എല്‍.പി.ജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് നടത്തുന്നത് വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്. ഉപയോക്താവ് വിദേശത്തോ മരിച്ച് പോയതോ ആണെങ്കിൽ ഗ്യാസ് കണക്ഷൻ റേഷൻ കാർഡിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനുളള നിര്‍ദേശമാണ് നല്‍കിയിട്ടുളളത്.
ഗ്യാസ് ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് എൽ.പി.ജി-ആധാർ മസ്റ്ററിങ് നടത്തുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ഈ നടപടി സഹായിക്കും.
ഉപയോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിന് എണ്ണ വിപണന കമ്പനികളോ ​​കേന്ദ്ര സർക്കാരോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 32.64 കോടി സജീവ ഗാർഹിക എൽ.പി.ജി ഉപയോക്താക്കളാണ് ഉളളത്.
Tags:    

Similar News