ഇന്ത്യയിലെ കുഞ്ഞു ഹോട്ടലിനോട് തോറ്റമ്പി ബര്‍ഗര്‍ കിംഗ്; 13 വര്‍ഷം നീണ്ട സംഭവമിങ്ങനെ

അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത് 2014ലാണ്. ഇതിനും മൂന്നു വര്‍ഷം മുമ്പ് നിയമപോരാട്ടത്തിന് അമേരിക്കന്‍ ബര്‍ഗര്‍ കിംഗ് തുടക്കമിട്ടിരുന്നു

Update:2024-08-19 16:58 IST

Image Courtesy: x.com/burgerkingindia

ഇന്ത്യയിലെ നിയമപോരാട്ടത്തില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിംഗിന് തോല്‍വി. ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിലാണ് അമേരിക്കന്‍ വമ്പന്‍ ഇന്ത്യന്‍ ഹോട്ടലിനോട് അടിപതറിയത്. പൂനയില്‍ പ്രവര്‍ത്തിക്കുന്ന ബര്‍ഗര്‍ കിംഗ് എന്ന ഹോട്ടലിനെതിരേയാണ് അമേരിക്കന്‍ കമ്പനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പൂനയിലെ ഹോട്ടല്‍ തങ്ങളുടെ പേര് ഉപയോഗിച്ചതു മൂലം കമ്പനിയുടെ സല്‍പേരിന് കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് ബര്‍ഗര്‍ കിംഗ് കേസ് കൊടുത്തത്. 20 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയ ജില്ലാ കോടതി പൂന ഹോട്ടലിന് അനുകൂലമായ വിധിയും പ്രഖ്യാപിച്ചു.
2011ല്‍ തുടങ്ങിയ പോരാട്ടം
പൂനയിലെ ബര്‍ഗര്‍ കിംഗ് എന്ന ഹോട്ടല്‍ ആരംഭിക്കുന്നത് 1992ലാണ്. അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത് 2014ലും. ഇതിനും മൂന്നു വര്‍ഷം മുമ്പ് നിയമപോരാട്ടത്തിന് അമേരിക്കന്‍ ബര്‍ഗര്‍ കിംഗ് തുടക്കമിട്ടിരുന്നു. അനാഹിത കപൂര്‍, ഷാപൂര്‍ കപൂര്‍ എന്നിവരാണ് പൂന ഹോട്ടലിന്റെ ഉടമസ്ഥര്‍.
അമേരിക്കന്‍ കമ്പനിയുടെ പേര് ഉപയോഗിച്ച് ഉപയോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പൂനയിലെ ഹോട്ടല്‍ ശ്രമിച്ചെന്ന വാദം കോടതി തള്ളി. ബര്‍ഗര്‍ കിംഗ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ പൂന കമ്പനി ഇതേ പേരില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി അമേരിക്കന്‍ വമ്പന്മാര്‍ക്കെതിരേ വിധി പ്രഖ്യാപിക്കുകയായിരുന്നു.
1953ല്‍ ഫ്‌ളോറിഡയില്‍ ഇന്‍സ്റ്റാ ബര്‍ഗര്‍ കിംഗ് എന്ന പേരിലാണ് കമ്പനി ആരംഭിക്കുന്നത്. 1959ല്‍ ബര്‍ഗര്‍ കിംഗ് എന്ന പേരിലേക്ക് കമ്പനിയുടെ പേര് മാറ്റി. ലോക വ്യാപകമായി 13,000ത്തിലധികം റെസ്റ്റോറന്റുകള്‍ കമ്പനിക്കുണ്ട്.
കേരളത്തിലടക്കം ഇന്ത്യയില്‍ 260ലേറെ ഷോപ്പുകളുണ്ട്. റെസ്റ്റോറന്റ് ബ്രാന്‍ഡ്‌സ് ഏഷ്യാ ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ബര്‍ഗര്‍ കിംഗ് ഇന്ത്യ. കഴിഞ്ഞ 13 പാദങ്ങളിലും കമ്പനി അറ്റാദായം രേഖപ്പെടുത്തിയിട്ടില്ല. ജൂണില്‍ അവസാനിച്ച പാദത്തില്‍ 647 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. അറ്റനഷ്ടം 52 കോടി രൂപയും. തിങ്കളാഴ്ച 0.51 ശതമാനം താഴ്ചയില്‍ 106.50 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News