പി.വി.ആര്‍ ഐനോക്‌സ് ആറുമാസത്തിനുള്ളില്‍ 50 സ്‌ക്രീനുകള്‍ അടച്ചു പൂട്ടുന്നു

ഹിന്ദി സിനിമകളുടെ കളക്ഷന്‍ കുറഞ്ഞതും ഹോളിവുഡ് ചിത്രങ്ങളുടെ എണ്ണത്തിലെ കുറവും നഷ്ടമുണ്ടാക്കി

Update:2023-05-16 17:45 IST

Image : Canva

രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃഖലയായ പി.വി.ആര്‍ ഐനോക്‌സ് (PVR INOX) അടുത്ത ആറു മാസത്തില്‍ 50 സ്‌ക്രീനുകള്‍ അടച്ചു പൂട്ടുന്നു. വിവിധ മാളുകളിലെ കാലാവധി കഴിഞ്ഞ സ്‌ക്രീനുകളും നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന സ്‌ക്രീനുകളുമാണ് അടച്ചു പൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പി.വി.ആര്‍ ഐനോക്‌സ് ലിമിറ്റഡ് 339 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐനോക്‌സ് ലയനവുമായി ബന്ധപ്പെട്ട ഒറ്റത്തവണ ചെലവുകളും ചില സ്‌ക്രീനുകള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട ചെലവുകളുമാണ് നഷ്ടത്തിനിടയാക്കിയത്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 105 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍ വരുമാനം ഇക്കാലയളവില്‍ 579 കോടി രൂപയില്‍ നിന്ന് 1,169 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
നാലാം പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പി.വി.ആര്‍ ഐനോക്‌സിന്റെ മൊത്തത്തിലുള്ളതാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് പി.വി.ആറും എതിരാളികളായ ഐനോക്‌സ് ലക്ഷ്വറും തമ്മിലുള്ള ലയനം പൂര്‍ത്തിയായത്. ഇതോടെ 1,689 സ്‌ക്രീനുകളുമായി രാജ്യത്തെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയിലെ ഏറ്റവും വലിയ കമ്പനിയായി പി.വി.ആര്‍ ഇനോക്‌സ് മാറിയിരുന്നു. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ 115 നഗരങ്ങളിലായി 361 മള്‍ട്ടിപ്ലെക്‌സുകളില്‍ പി.വി.ആര്‍ ഇനോക്‌സിന് സ്‌ക്രീനുകളുണ്ട്.
അതേസമയം, വരുന്ന സാമ്പത്തിക വര്‍ഷം വി.വി.ആര്‍ ഇനോക്‌സ് 175 സ്‌ക്രീനുകള്‍ പുതുതായി സ്ഥാപിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അജയ് ബിജ്‌ലി പറഞ്ഞു. ഇതില്‍ ഒമ്പതെണ്ണം ഇപ്പോള്‍ തന്നെ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 15 എണ്ണം ലൈസന്‍സിനായുള്ള കാത്തിരിപ്പിലാണ്. ബാക്കി 152 എണ്ണം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 30 സിനിമ തീയറ്ററുകളിലായി 168 പുതിയ സ്‌ക്രീനുകള്‍ കമ്പനി സ്ഥാപിച്ചിരുന്നു.
കളക്ഷനില്‍ കുറവ്
ഹിന്ദി സിനിമകള്‍ മികച്ച രീതിയില്‍ ഓടാതിരുന്നതും ഹോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതുമാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും ബാധിച്ചതെന്ന് അജയ് ബിജ്‌ലി പറഞ്ഞു. എന്നാല്‍ ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും 2024 സാമ്പത്തിക വര്‍ഷം മികച്ചതായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഹിന്ദി സിനിമയായ പത്താന്റെയും ഹോളിവുഡ് സിനിമയായ 'അവതാര്‍; വേ ഓഫ് വാട്ടറി'ന്റെയും മികച്ച കളക്ഷന്‍ കഴിഞ്ഞ പാദത്തിന്റെ തുടക്കം മെച്ചപ്പെടുത്തിയെങ്കിലും തുടര്‍ന്നു വന്ന ചിത്രങ്ങളുടെ പ്രതികരണം മോശമായത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തീയറ്ററുകളുടെ വരുമാനത്തെ മോശമായി ബാധിച്ചു.
പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ചൊവ്വാഴ്ച പി.വി.ആര്‍ ഇനോക്‌സിന്റെ ഓഹരി വില 2.2 ശതമാനം ഇതിഞ്ഞ് 1,433 രൂപയിലെത്തിയിരുന്നു. 2023 ല്‍ ഇതു വരെ ഓഹരി 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News