ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയില്‍ കണ്ട ചണ്ഡീഗഡിലെ വിചിത്ര റെസ്‌റ്റോറന്റുകളെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിചിത്രമായ പേരിലുള്ള ഒരു വിഭവം മാത്രമാണ് ഈ ഹോട്ടലിന്റെ മെനുവിലുള്ളത്, അതും കണ്ണ് തള്ളുന്ന വിലയില്‍. സിട്രസ് പഞ്ച്, നോട്ടി സ്‌ട്രോബറി, ബ്ലൂ അഡ്‌വെഞ്ച്വര്‍ തുടങ്ങിയ വിചിത്രമായ പേരുകളായിരുന്നു വിഭവങ്ങള്‍ക്കുണ്ടായിരുന്നത്. സൊമാറ്റോയിലൂടെ ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും തൊട്ടുപിന്നാലെ റെസ്‌റ്റോറന്റുകാര്‍ തന്നെ ക്യാന്‍സലും ചെയ്തു. ഈ സംഭവത്തിന് പിന്നില്‍ ലഹരിക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളാണോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ ഉയര്‍ത്തിയത്. സമാനമായ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയത്തില്‍ സൊമാറ്റോ വിശദീകരണവുമായി രംഗത്തെത്തി.
പിന്നില്‍ ദുരൂഹ ഇടപാടുകള്‍?
കൃത്യമായ വിലാസമോ പേരോ ഇല്ലാതെയാണ് ഇത്തരം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ലഹരി മരുന്ന്, ഇലക്ട്രോണിക് സിഗരറ്റ് തുടങ്ങിയവ വില്‍ക്കുന്നതിന് സൊമാറ്റോ പ്ലാറ്റ്‌ഫോമിനെ മറയാക്കിയെന്നാണ് ഇത് സംബന്ധിച്ച ഒരു വിശദീകരണം. വിഭവങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ വാപ്പുകള്‍ എന്നറിയപ്പെടുന്ന ഇ-സിഗരറ്റിന്റെ ഫ്‌ളേവറുകളാണെന്നും ചിലര്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിച്ചോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൊമാറ്റോ പോലുള്ള ഗിഗ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചിലരുടെ അഭിപ്രായം.
കമ്പനി വിശദീകരണം
സൊമാറ്റോയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒറ്റ വിഭവം മാത്രമുള്ള റെസ്‌റ്റോറന്റുകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണാനിടയായി. തട്ടിപ്പുകാരാണെന്ന് സംശയം തോന്നിയ എല്ലാ റെസ്‌റ്റോറന്റുകളെയും കണ്ടെത്തുകയും അവയെ സൊമാറ്റോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കൂടാതെ കുറഞ്ഞ വിഭവങ്ങള്‍ മാത്രമുള്ളതും നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നതുമായ എല്ലാ റെസ്റ്റോറന്റുകളെയും കുറിച്ച് അന്വേഷണവും നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയുള്ള റെസ്റ്റോറന്റുകളെ മാത്രമാണ് സൊമാറ്റോയില്‍ ഉള്‍പ്പെടുത്താറുള്ളത്. മദ്യം, സിഗരറ്റ് തുടങ്ങിയവ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ നിരന്തരമായി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ നോട്ടി സ്‌ട്രോബറി, മേരി ബെറി തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നതായും സൊമാറ്റോ വിശദീകരണത്തില്‍ പറയുന്നു.