പമ്പയില്‍ നിന്നുള്ള മടക്ക ടിക്കറ്റിന് കാലാവധി 24 മണിക്കൂര്‍; പുതിയ സൗകര്യം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

തിരക്കും ക്യൂവും കാരണം നിരവധി പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് എടുത്ത ബസുകൾ നഷ്ടപ്പെടാറുണ്ട്

Update:2024-11-22 15:19 IST

Image Courtesy: facebook.com/ilmkpathanamthitta

ശബരിമല ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകിയാല്‍ നിശ്ചിത കെ.എസ്.ആര്‍.ടി.സി ബസ് കിട്ടാതെ പോകുന്നത് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ നേരിടുന്ന പതിവു പ്രശ്‌നമാണ്. ഇതിന് പരിഹാരവുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.

പമ്പയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഓൺലൈൻ ടിക്കറ്റുകളുടെ കാലാവധി നിശ്ചിത സർവീസ് പുറപ്പെട്ട് 24 മണിക്കൂർ വരെ നീട്ടാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. തീർഥാടകർക്ക് അവർ ബുക്ക് ചെയ്‌ത ബസ് നഷ്‌ടപ്പെട്ടാൽ അതേ വിഭാഗത്തിലുള്ള മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇതിനുളള സമയ പരിധി 24 മണിക്കൂർ വരെയാണ് നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ തിരക്ക് മൂലം ദർശനത്തിനായി മണിക്കൂറുകളോളം ക്യൂവിൽ തീര്‍ഥാടകര്‍ക്ക് കാത്തുനിൽക്കേണ്ടി വരുന്നത് പതിവാണ്. തീർഥാടകർ പലപ്പോഴും മുൻകൂർ റിസർവേഷൻ നടത്തുമ്പോൾ റിട്ടേൺ ടിക്കറ്റുകളും ബുക്ക് ചെയ്യാറുണ്ട്.
എന്നാൽ, ക്രമാതീതമായ തിരക്കും ക്യൂവും കാരണം നിരവധി പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് എടുത്ത ബസുകൾ നഷ്ടപ്പെടാറുണ്ട്. അതിനാലാണ് ഈ സീസൺ മുതൽ എക്‌സ്റ്റൻഡഡ് വാലിഡിറ്റി സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബുക്കിംഗ് ചെയ്തിട്ടുളളവര്‍ തിരിച്ച് വ്യക്തിഗതമായി വീടുകളിലേക്ക് മടങ്ങുന്നതിനായി പ്രത്യേക ബസുകളിൽ യാത്ര ചെയ്യുകയാണെങ്കിൽ, അവരുടെ ഐഡി കാർഡ് ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ ബസുകൾ 

സീസൺ പുരോഗമിക്കുമ്പോൾ തിരക്ക് കൂടുന്നതിന് അനുസരിച്ച് പമ്പയിൽ നിന്ന് കൂടുതല്‍ അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കാനും കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നു. ചെന്നൈ, തേനി, തിരുനെൽവേലി, മധുര, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനും കെ.എസ്.ആർ.ടി.സി ക്ക് പദ്ധതികളുണ്ട്.
തിരക്കേറിയ സമയങ്ങളിൽ പമ്പ-നിലയ്ക്കൽ (21 കിലോമീറ്റർ) ചെയിൻ സർവീസ് മിനിറ്റിൽ അഞ്ച് ബസുകൾ വീതമാക്കാനും ലക്ഷ്യമിടുന്നു. എ.സി ബസുകൾക്ക് 80 രൂപയും നോൺ എ.സി ബസുകൾക്ക് 50 രൂപയുമാണ് ചെയിൻ സർവീസില്‍ നിരക്ക് ഈടാക്കുന്നത്.
Tags:    

Similar News