എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്ക് കഷണം ലേലം ചെയ്തത് 77 വർഷം കഴിഞ്ഞ്; കിട്ടിയ തുക കേട്ടാലും ഞെട്ടും
രാജ്ഞി കേക്ക് കഷണം സമ്മാനിച്ചത് 1947ൽ
കേക്ക് എത്രകാലം കേട് കൂടാതെയിരിക്കും? ക്രിസ്മസ്-പുതുവൽസര കാലത്ത് വിൽക്കാനുള്ള കേക്കുകളിൽ നല്ലൊരു പങ്ക് ഇതിനകം തയാറായിട്ടുണ്ടെന്ന കാര്യം രഹസ്യമല്ല. കേടു കൂടാതെയിരിക്കാൻ പല വിധ പദാർഥങ്ങൾ കേക്കു നിർമാണ സമയത്ത് ചേർക്കുന്ന കൂട്ടരുണ്ട്. അതുകൊണ്ട് കേക്ക് ആരോഗ്യത്തിന് ഹാനികരമാണെന്ന ചിന്താഗതി വളരുകയുമാണ്.
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി-IIയുടെയും ഫിലിപ് രാജകുമാരന്റെയും വിവാഹം നടന്നത് 1947ലാണ്. വിവാഹത്തിന് മുറിച്ച കേക്കിന്റെ ഒരു കഷണം സ്കോട്ട്‍ലാന്റിൽ ലേലം ചെയ്തത് 77 വർഷങ്ങൾക്ക് ശേഷം. അമ്പരപ്പ് അവിടെ അവസാനിപ്പിക്കാൻ വരട്ടെ. ആ കേക്കിന്റെ കഷണം ലേലം ചെയ്തത് 2,200 പൗണ്ട് അഥവാ, 2.36 ലക്ഷത്തോളം രൂപക്കാണ്. ഫോണിൽ ലേലത്തിൽ പങ്കെടുത്ത് കേക്കു കഷണം വാങ്ങിയത് ചൈനക്കാരൻ.
77 വർഷം കഴിഞ്ഞ കേക്ക് കഴിക്കാൻ കൊള്ളുമോ?
ഇപ്പോൾ നിർമിച്ച കേക്ക് വരുന്ന ക്രിസ്മസിനു മാത്രമല്ല, വേണമെങ്കിൽ 77 വർഷം കഴിഞ്ഞും ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. ഈ കേക്കിൻ കഷണം കഴിക്കാൻ പറ്റിയ പരുവത്തിലല്ല. കഴിച്ചാൽ ആള് വടിയാകില്ല എന്ന് ഉറപ്പുമില്ല. രാജവിവാഹത്തിന് ശേഷം കേക്ക് കഷണം സമ്മാന പെട്ടിയോടെ ഒരു കട്ടിലിനടിയിൽ സ്യൂട്ട്കേസിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒൻപതടി പൊക്കമുള്ള കേക്കാണ് എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന്, 1947 നവംബർ 20ന്, മുറിച്ചത്. വിളമ്പിയത് 2,000ൽപരം അതിഥികൾക്ക്.
കേക്കിന്റെ കഷണം നുണയാതെ സൂക്ഷിച്ചു വെച്ചത് ആരാണ്? എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാര സൂക്ഷിപ്പുകാരി മരിയൻ പോൾസണ് എലിസബത്ത് രാജ്ഞി നേരിട്ടു സമ്മാനിച്ചതാണ് ഈ കേക്കു കഷണം. രാജദമ്പതികൾക്ക് വിരുന്ന് നൽകിയതിന്റെ സന്തോഷത്തിനായിരുന്നു ഇത്. എൺപതുകളിൽ മരിക്കുംവരെ മരിയൻ കേക്ക് കഷണം സൂക്ഷിച്ചു. രാജ്ഞിയുടെ നന്ദിപ്രകടന കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. നാലു തട്ടിലുള്ള വിവാഹ കേക്ക് രുചിയിൽ അന്ന് കേമനായിരുന്നുവെന്ന് ഉറപ്പ്. കൂടുതൽ കാലം സൂക്ഷിക്കാൻ ആൽക്കഹോൾ ചേർത്തിരുന്നു. ഒരു മുറിയുടെ പകുതിയോളം വലിപ്പമുള്ള മനോഹരമായ കേക്കായിരുന്നു അതെന്ന് എന്ന് പഴയകാല ഫോട്ടോ കണ്ട് സാക്ഷ്യപ്പെടുത്തിയവരുണ്ട്.